കൊച്ചി: ലഹരിയൊഴുക്കി നഗരത്തിലെ നക്ഷത്ര ഹോട്ടലുകളിൽ നടന്ന നിശാപാർട്ടി കേസുമായി ബന്ധപ്പെട്ട് ഇതിനകം ചോദ്യംചെയ്തത് പന്ത്രണ്ടോളം പേരെ. നഗരത്തിൽ കൂടുതൽ നിശാപാർട്ടികൾ സംഘടിപ്പിക്കാൻ പദ്ധതിയിട്ടതിനെക്കുറിച്ചും ഇതിലെ വിദേശ ഡി.ജെയുടെ ഇടപെടലിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
പങ്കെടുത്തവരിൽ ഇപ്പോൾ ചോദ്യംചെയ്ത ആളുകൾ തങ്ങൾ ലഹരി ഉപയോഗത്തിന് എത്തിയതല്ലെന്ന മൊഴിയാണ് നൽകിയിരിക്കുന്നത്. ഐ.ടി പ്രഫഷനലുകൾ, ഡോക്ടർമാർ എന്നിങ്ങനെയുള്ളവരാണ് ഹാജരായവർ.
മദ്യ ഉപയോഗം മാത്രമായിരുന്നു ഉദ്ദേശ്യമെന്നും അവർ എക്സൈസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർ ഇത് മുഖവിലക്കെടുത്തിട്ടില്ല. അവർക്ക് മുമ്പ് ഏതെങ്കിലും കേസുകളിൽ പങ്കാളിത്തമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. ഇത് വ്യക്തമായാൽ വീണ്ടും വിളിപ്പിക്കും.
കസ്റ്റഡിയിലുള്ള പ്രതികളിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഒരാഴ്ചക്കുള്ളിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ലഹരിമരുന്നുകൾ എത്തിച്ചതിൽ ഡിസ്കോ ജോക്കികൾക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഏതാനും നാളുകളായി കൊച്ചിയിൽ ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്ന വിദേശ ജോക്കിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പിടിയിലായവരിൽനിന്നും ഹോട്ടലുകളിൽനിന്നും ഇയാളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിദേശ ഡി.ജെ പങ്കെടുക്കേണ്ടിയിരുന്ന നിശാപാർട്ടി അവസാന നിമിഷം മാറ്റിയെന്നാണ് സൂചന. എക്സൈസ് എറണാകുളം സി.ഐ വിനോജ് ഗോപിനാഥനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ഈ മാസം പത്തിന് രാത്രിയാണ് കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ കസ്റ്റംസും എക്‌സൈസും സംയുക്തമായി മിന്നൽപരിശോധന നടത്തി ഡി.ജെ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തത്. 1.6 ഗ്രാം എം.ഡി.എം.എ, 50 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.