മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്പതു പുതിയ ഡാമുകള്‍ നിര്‍മിക്കാൻ പദ്ധതി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്പതു പുതിയ ഡാമുകള്‍ നിര്‍മിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. 129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നീക്കം നടത്തുന്നത്. ഇതിന്​ ഡി.പി.ആര്‍ തയാറാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടരുന്നു​.

തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് ഈ വിഷയത്തില്‍ കേരളത്തിന്റെ നയമെന്നും മ​ന്ത്രി വ്യക്തമാക്കി. പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ- അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മിക്കാനും നടപടി തുടങ്ങി. ഇതില്‍ മൂന്നു ഡാമുകളുടെ പഠനം പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി.

കാവേരി ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം പാമ്പാര്‍ സബ് ബേസിനില്‍ മൂന്നു പദ്ധതികളിലായി മുന്ന്​ ഡാമുകള്‍ക്കുവേണ്ടി തൃശൂര്‍ ഫീല്‍ഡ് സ്റ്റഡി സര്‍ക്കിള്‍ പഠനം നടത്തിയിട്ടുണ്ട്. പാമ്പാര്‍ നദീതടത്തില്‍നിന്ന് കേരളത്തിന് അനുവദിച്ച മൂന്ന്​ ടി.എം.സി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാര്‍ സബ് ബേസിനില്‍ ചെങ്കല്ലാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിശ്ശേരി ഡാം, തലയാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോവര്‍ ചട്ട മൂന്നാര്‍ ഡാം, വട്ടവട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകള്‍ നിര്‍മിക്കാന്‍ ആലോചനയുണ്ടെന്നും മന്ത്രി അറിയിച്ചു.

കാവേരി ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം ഭവാനി ബേസിനില്‍ അനുവദിച്ച ആറ്​ ടി.എം.സി ജലത്തില്‍ നിന്ന് 2.87 ടി.എം.സി ജലം ഉപയോഗിക്കുന്നതിനായി അട്ടപ്പാടി- ചിറ്റൂരില്‍ ശിരുവാണി പുഴക്ക്​ കുറുകേ ഡാം നിര്‍മിക്കുന്നതിന്​ പഠനം നടത്തിയിട്ടുണ്ട്. ചാലക്കുടി പുഴയുടെ പോഷക നദിയായ കാരപ്പാറയിൽ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയാണ്​ മറ്റൊന്ന്​. 2019 ലെ പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടം നേരിട്ട മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ അമ്പിട്ടാന്‍പൊട്ടിയില്‍ പ്രളയ നിയന്ത്രണ അണക്കെട്ടിന്റെ സാധ്യതാപഠനത്തിനായുള്ള നിര്‍ദേശം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.