തിരുവനന്തപുരം: പി.ആർ.ഡിയിൽ അസി. ഇൻഫർമേഷൻ ഓഫിസർ തസ്തികയിലേക്ക് മാധ്യമ പ്രവർത്തന പരിചയമില്ലാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാനായി നടന്നത് ആസൂത്രിത നീക്കം.
ബിരുദവും രണ്ടുവർഷം മാധ്യമരംഗത്തെ പൂർണസമയ പ്രവർത്തന പരിചയവുമാണ് തസ്തികയിലേക്കുള്ള യോഗ്യത. എന്നാൽ, ബൈ ട്രാൻസ്ഫറിലൂടെ ബിരുദയോഗ്യതയുള്ളവരും പ്രവർത്തന പരിചയമില്ലാത്തവരുമായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാനാണ് രാഷ്ട്രീയ സംഘടന സ്വാധീനമുപയോഗിച്ച് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ലോബി കളമൊരുക്കിയത്.
വിവാദ നീക്കത്തില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഒത്താശ ചെയ്തത് വ്യക്തമാക്കുന്നതാണ് ഇതുസംബന്ധിച്ച യോഗത്തിെൻറ മിനിറ്റ്സ്. തസ്തിക മാറ്റം വഴിയുള്ള നിയമത്തിനായി വകുപ്പിലെ സ്പെഷല്‍ റൂൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതേ രീതിയില്‍ നിയമനത്തിന് ശ്രമിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയും പെങ്കടുത്തു.
2019 മാര്‍ച്ച് 22ന് അന്ന് പി.ആര്.ഡി ഡയറക്ടറായിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ കലക്ടര്‍ ടി.വി. സുഭാഷിെൻറ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രണ്ട് അഡീഷനല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറി, രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, സെക്ഷന്‍ ഓഫിസര്‍, രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കൊപ്പമാണ് തസ്തികമാറ്റത്തിലൂടെ നിയമനത്തിനായി ഏറെക്കാലമായി ശ്രമിച്ചുവരുന്ന പാക്കര്‍ തസ്തികയിലുള്ള ജീവനക്കാരിയും പങ്കെടുത്തത്.
വകുപ്പുതല സമിതിയില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാ പ്രതിനിധിയെന്ന നിലയിൽ ഇവര്‍ പങ്കെടുെത്തന്നാണ് വിവരം. സ്വന്തം നിയമനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്ന കമ്മിറ്റിയില്‍ ജീവനക്കാരിയെ ഉള്‍പ്പെടുത്തിയതിലും യോഗത്തില്‍ പങ്കെടുപ്പിച്ചതിലും ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.