കൊല്ലം: തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമാണം വേണമെന്ന രാജമാണിക്യം റിപ്പോർട്ട് തള്ളി നിയമവകുപ്പ് നൽകിയ ശിപാർശ ഹാരിസൺസ് കേസിൽ ഹൈകോടതി നടത്തിയ നിരീക്ഷണങ്ങളെ നിരാകരിക്കുന്നത്. ഹാരിസൺസ് മലയാളം കമ്പനിയുടെ ഭൂമി ഏെറ്റടുത്ത് റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത് കമ്പനി സമർപ്പിച്ച കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. ആശ, ഹാരിസൺസ് വിദേശ കമ്പനിയാണെന്ന് വ്യക്തമായി നിരീക്ഷിച്ചിരുന്നു.
കേസ് ഡിവിഷൻ െബഞ്ചിന് റഫർ ചെയ്ത് 2015 നവംബർ 25ന് പ്രസ്താവിച്ച വിധിയിൽ കമ്പനിയുടെ നിയമ ലംഘനങ്ങൾ അക്കമിട്ട് വിവരിക്കുന്നു. വിേദശ കമ്പനിയായ ഹാരിസൺസിനെ കുടിയാനായി കാണാനാവില്ല. ഭൂ സംരക്ഷണ നിയമ പ്രകാരം കമ്പനിക്കെതിരെ സർക്കാറിന് നടപടികൾ തുടരാൻ പൂർണമായും അധികാരമുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് കാട്ടുന്ന ആധാരങ്ങൾ വ്യാജമാണ്, ഇംഗ്ലീഷ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിയായതിനാൽ അവർക്ക് ഫെറ നിയമത്തിൽ ഇളവ് അനുവദിക്കാനാവില്ല എന്നെല്ലാം വിധിയിൽ പറയുന്നു.
ഇതൊന്നും കണക്കിലെടുക്കാതെയാണ് നിയമവകുപ്പ് െസക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. തോട്ട ഭൂമി വിഷയത്തിൽ പഴയ നിയമ ലംഘനങ്ങൾ പുനഃപരിശോധിക്കേണ്ടതില്ലെന്ന് നേരത്തേ മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. അതിനു പിൻബലം നൽകുന്ന റിപ്പോർട്ടാണ് നിയമവകുപ്പ് സമർപ്പിച്ചിരിക്കുന്നത്. ഹാരിസൺസ് കേസിലെ ഹൈകോടതി നിരീക്ഷണങ്ങൾ പാടെ അവഗണിച്ചാണ് തോട്ടം മേഖലയിലെ കമ്പനികളുടെ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് നിയമവകുപ്പ് റിപ്പോർട്ടിൽ പറയുന്നത്.
തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന 95 ശതമാനം കമ്പനികളും വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ), രജിസ്ട്രേഷൻ ആക്ട്, സ്റ്റാമ്പ് നിയമം, ഭൂ സംരക്ഷണ നിയമം തുടങ്ങിയവയെല്ലാം ലംഘിച്ചാണ് കൈവശ ഭൂമിക്ക് ആധാരം ചമച്ചിരിക്കുന്നത്. മൂന്നാറിലെ ഭൂമിക്ക് ടാറ്റ കാണിക്കുന്ന ആധാരവും ഈ നിയമങ്ങളെല്ലാം ലംഘിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.