പെരിന്തല്‍മണ്ണ: കടയില്‍നിന്ന് ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങള്‍ പ്ളാസ്റ്റിക് കാരിബാഗില്‍ നല്‍കുന്ന വ്യാപാരികളില്‍നിന്ന് പ്രതിമാസം 4000 രൂപ ഫീസ് ഈടാക്കാന്‍ നഗരസഭകളില്‍ നിയമം വരുന്നു. തെരുവ് കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള വ്യാപാരികള്‍ പ്ളാസ്റ്റിക് കാരിബാഗില്‍ സാധനങ്ങള്‍ നല്‍കുന്നവരാണെങ്കില്‍ അത്തരം കടക്കാരെ പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് പ്രതിമാസം 4000 രൂപ പ്രകാരം വര്‍ഷത്തില്‍ 48,000 രൂപ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നതാണ് പുതിയ നിയമം. തിരുവനന്തപുരത്ത് ചേര്‍ന്ന നഗരസഭ സെക്രട്ടറിമാരുടെ പ്രതിമാസ അവലോകന യോഗത്തിലാണ് നഗരകാര്യ ഡയറക്ടര്‍ ഇത്തരം നിര്‍ദേശം നല്‍കിയത്.
50 മൈക്രോണില്‍ കൂടുതല്‍ കനമുള്ള പ്ളാസ്റ്റിക് കാരിബാഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ നിര്‍ദേശം കര്‍ശനമാക്കണമെന്നും 50 മൈക്രോണിന് താഴെയുള്ളവ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരത്തില്‍ ഫീസായി ഈടാക്കുന്ന തുക നഗരസഭയില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാനും തുക മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് തയാറായി വരികയാണ്. ഉത്തരവ് അടുത്തുതന്നെ പുറത്തിറങ്ങും. അതിനും പുറമെ പ്ളാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗത്തിന്‍െറ അളവനുസരിച്ച് കൂടുതല്‍ ഫീസ് വ്യാപാരികളില്‍നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈടാക്കാനും നിയമത്തില്‍ അനുമതി നല്‍കുന്നുണ്ട്.
പ്ളാസ്റ്റിക് കാരിബാഗുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് വ്യപാരികള്‍ വില ഈടാക്കുമെന്ന ബോര്‍ഡും കടകളില്‍ പ്രദര്‍ശിപ്പിക്കണം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ പ്ളാസ്റ്റിക്, റബര്‍ എന്നിവ പൊതുസ്ഥലത്തും സ്വകാര്യ ഭൂമികളിലും കത്തിക്കുന്നില്ളെന്നും ജലാശയങ്ങളില്‍ വലിച്ചെറിയുന്നില്ളെന്നും ഉറപ്പാക്കാന്‍ സെക്രട്ടറിമാര്‍ ശ്രദ്ധ പതിപ്പിക്കണം. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് നഗരസഭ സെക്രട്ടറിമാര്‍ നിശ്ചിത സമയത്തിനകം നഗരകാര്യ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. മാലിന്യശേഖരണത്തിന് നഗരസഭകളില്‍ കുറഞ്ഞത് രണ്ട് ‘മെറ്റീരിയല്‍ റിക്കവറി സെന്‍റര്‍’ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവ സ്ഥാപിക്കുന്നതില്‍ പല നഗരസഭ സെക്രട്ടറിമാരും ഉദാസീന നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.