തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ ഈ വർഷവും മതിയായ കുട്ടികളില്ലാതെ 101 ബാച്ചുകൾ. കഴിഞ്ഞ വർഷം കുട്ടികളില്ലാത്ത 105 ബാച്ചുകളിൽ സർക്കാർ സ്കൂളുകളിലെ 14 എണ്ണം മലപ്പുറം ജില്ലയിലേക്ക് മാറ്റി ശേഷിക്കുന്നവ അതേ ജില്ലകളിൽതന്നെ നിലനിർത്തുകയായിരുന്നു. ഈ വർഷം മുഖ്യഘട്ടത്തിലെ മൂന്നും സപ്ലിമെന്ററി ഘട്ടത്തിലെ മൂന്നും ഉൾപ്പെടെ ആറ് അലോട്ട്മെന്റുകൾ പൂർത്തിയായി. ഇനി ശേഷിക്കുന്നത് ജില്ല/ ജില്ലാന്തര സ്കൂൾ/ കോംബിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് മാത്രമാണ്. ഈ പ്രവേശനം വ്യാഴാഴ്ച പൂർത്തിയാകും. സൗകര്യപ്രദമായ സ്കൂളുകളിലേക്ക് കുട്ടികൾ മാറുന്നതോടെ കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
25 കുട്ടികളെങ്കിലും പ്രവേശനം നേടാത്ത ബാച്ചുകളെയാണ് മതിയായ കുട്ടികളില്ലാത്ത ബാച്ചുകളായി പരിഗണിക്കുന്നത്. കുട്ടികളില്ലാത്ത ബാച്ചുകൾ കൂടുതലുള്ളത് പത്തനംതിട്ട ജില്ലയിലാണ്; 29 എണ്ണം. ആലപ്പുഴയിലും എറണാകുളത്തും 14 വീതവും കൊല്ലം, ഇടുക്കി ജില്ലകളിൽ 10 വീതവും തൃശൂരിൽ ആറും ബാച്ചുകളിൽ മതിയായ കുട്ടികളില്ല. തിരുവനന്തപുരം -നാല്, കോട്ടയം -നാല്, പാലക്കാട് -മൂന്ന്, മലപ്പുറം -ഒന്ന്, കോഴിക്കോട് -പൂജ്യം, വയനാട് -രണ്ട്, കണ്ണൂർ -മൂന്ന്, കാസർകോട് -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നില. ഈ വർഷത്തെ പ്രവേശനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളില്ലാത്ത ബാച്ചുകൾ സീറ്റില്ലാത്ത ജില്ലകളിലേക്ക് പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പ്രവേശനത്തിന്റെ അടിസ്ഥാനത്തിൽ 105 ബാച്ചുകൾ ഒഴിവുള്ളതിൽ സർക്കാർ സ്കൂളുകളിലെ 14 എണ്ണത്തിൽ മാത്രമേ സർക്കാറിന് കൈവെക്കാനായുള്ളൂ. സമാന ബാച്ചുകൾ ഒന്നിലധികം ഉണ്ടായിട്ടും എയ്ഡഡ് സ്കൂളുകളിൽ കുട്ടികളില്ലാത്ത 19 ബാച്ചുകളിൽ ഒന്നിൽ പോലും സർക്കാർ തൊട്ടില്ല. ഇത്തവണ കുട്ടികളില്ലാത്ത 101 ബാച്ചുകളിൽ 20 എണ്ണത്തിൽ അധികം എയ്ഡഡ് സ്കൂളുകളിലാണ്. കുട്ടികളില്ലാത്ത ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള മേഖലകളിലേക്ക് പുനഃക്രമീകരിക്കണമെന്ന കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിൽ വിദ്യാഭ്യാസ വകുപ്പ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
കുട്ടികളില്ലാതെ ഒരു ഭാഗത്ത് ബാച്ചുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ വടക്കൻ ജില്ലകളിൽ സീറ്റില്ലാതെ കുട്ടികൾ പുറത്തുനിൽക്കുകയും ചെയ്യുന്നു.
ഇത്തവണ മലബാർ ജില്ലകളിൽ അവസാന ഘട്ടത്തിൽ അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിലേക്കുള്ള അലോട്ട്മെന്റ് അവസാനിച്ചപ്പോഴും മലപ്പുറം ജില്ലയിൽ 6197 അപേക്ഷകരിൽ 3438 പേർക്ക് മാത്രമേ സീറ്റ് നൽകാനായിട്ടുള്ളൂ. മലബാർ ജില്ലകളിൽ 50 കുട്ടികൾക്ക് പകരം ആനുപാതിക സീറ്റ് വർധന വഴി 65 കുട്ടികളെയാണ് ഓരോ ബാച്ചിലും പ്രവേശിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.