തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പും സ്ക്വാഡും കണ്ണടച്ചപ്പോൾ പ്ലസ് വൺ പ്രവേശനത്തിന്‍റെ മറവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടക്കുന്നത് ‘കുത്തിന് പിടിച്ചുള്ള’ പണപ്പിരിവ്. പി.ടി.എ ഫണ്ടിലേക്കാണ് പതിനായിരക്കണക്കിന് രൂപ കണക്കുപറഞ്ഞ് പിരിക്കുന്നത്. മെറിറ്റിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനത്തിന് വരുന്ന കുട്ടികളുടെ രക്ഷിതാക്കളോട് ഭീഷണിസ്വരത്തിലുള്ള പണപ്പിരിവ് നടത്തുന്നു. പി.ടി.എ അംഗത്വ ഫീസായി നൂറ് രൂപയും ഫണ്ടിലേക്ക് 400 രൂപയും വാങ്ങാനാണ് സർക്കാർ അനുമതിയുള്ളത്. എന്നാൽ 400 രൂപ നൽകാൻ രക്ഷിതാക്കളുടെ മേൽ നിർബന്ധം ചെലുത്തരുതെന്നും പ്രോസ്പെക്ടസിൽ നിഷ്കർഷിച്ചിട്ടുമുണ്ട്.
അതേസമയം പതിനായിരത്തിൽ കുറയാത്ത തുകയാണ് പി.ടി.എ ഫണ്ടിലേക്ക് ആവശ്യപ്പെടുന്നത്.
ഇതിനായി പല സ്കൂളുകളിലും മേശയിട്ട് പി.ടി.എ ഭാരവാഹികളാണ് ഇരിക്കുന്നത്. സ്കൂൾ പ്രവേശന നടപടികളിൽ പി.ടി.എ ഭാരവാഹികളെ അടുപ്പിക്കരുതെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇവർക്ക് ബാധകമല്ല.
പല സർക്കാർ സ്കൂളുകളിലും പി.ടി.എ ഭാരവാഹികൾ നിർദേശിക്കുന്നതനുസരിച്ചാണ് പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരും പ്രവർത്തിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിന് നിയമപ്രകാരം 800 രൂപയിൽ താഴെയാണ് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച ഫീസ്. ഇതിന് പുറമെ പി.ടി.എ അംഗത്വഫീസായി നൂറ് രൂപയും ഫണ്ടിലേക്ക് 400 രൂപയും ഈടാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ 400 രൂപയുടെ സ്ഥാനത്താണ് പതിനായിരം മുതൽ 30,000 രൂപവരെ സ്കൂളുകൾ നിർബന്ധപൂർവം ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.