തിരുവനന്തപുരം: ഭേഗദതി വരുത്തിയ പ്രോസ്പെക്ടസിന് അംഗീകാരം വൈകിയ സാഹചര്യത്തിൽ പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ ആരംഭിക്കുന്നത് ജൂലൈ നാലിലേക്ക് നീളും. ബുധനാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
പ്രോസ്പെക്ടസ് സർക്കാർ അംഗീകാരത്തിനു ശേഷം ജൂലൈ മൂന്നിനകം പ്രസിദ്ധീകരിക്കും. നാലു മുതൽ ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങാനും ധാരണയായി. നേരത്തേ ജൂലൈ ഒന്നിന് തുടങ്ങാനായിരുന്നു ധാരണ. പ്ലസ് വൺ പ്രവേശനത്തിൽ റാങ്കിങ്ങിന് പരിഗണിക്കുന്ന ഡബ്ല്യു.ജി.പി.എ തുല്യമാകുന്നവർക്ക് ടൈ ബ്രേക്കിങ്ങിന് നിലവിലെ മുൻഗണന ഘടകങ്ങൾക്ക് പുറമെ, എൽ.എസ്.എസ്, യു.എസ്.എസ്, നാഷനൽ മെറിറ്റ് -കം മീൻസ് സ്കോളർഷിപ് പരീക്ഷകളിലെ വിജയം കൂടി ഉൾപ്പെടുത്തും.
നിലവിൽ നാഷനൽ ടാലന്റ് സെർച് പരീക്ഷ വിജയികൾക്ക് മുൻഗണനയുണ്ട്. നീന്തൽ അറിവിന് ഈ വർഷം മുതൽ ബോണസ് പോയന്റ് വേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ അംഗീകരിക്കാനും തീരുമാനിച്ചു. അപേക്ഷകന്റെ തദ്ദേശസ്ഥാപനം, താലൂക്ക് എന്നിവ പരിഗണിച്ച് ബോണസ് പോയന്റ് നൽകുന്നത് പരിമിതപ്പെടുത്തും. എയ്ഡഡ് സ്കൂളുകളുടെ മാനേജ്മെന്റ് ക്വോട്ട സീറ്റ് വിഹിതം 20 ശതമാനം എന്നത് കർശനമായി പാലിക്കും. ന്യൂനപക്ഷ/ പിന്നാക്ക സമുദായങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് 20 ശതമാനം മാനേജ്മെന്റ് ക്വോട്ട സീറ്റും 20 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റുമായിരിക്കും.
മറ്റു സമുദായങ്ങളിൽനിന്നുള്ള മാനേജ്മെന്റ് സ്കൂളുകൾക്ക് 20 ശതമാനം മാനേജ്മെന്റ് ക്വോട്ടയും 10 ശതമാനം കമ്യൂണിറ്റി ക്വോട്ടയുമായിരിക്കും. ഏതെങ്കിലും സമുദായ മാനേജ്മെന്റുകൾക്ക് കീഴിൽ അല്ലാത്ത സ്കൂളുകളിൽ കമ്യൂണിറ്റി ക്വോട്ട സീറ്റ് ഉണ്ടാകില്ല. ഇവിടെ 20 ശതമാനം മാനേജ്മെന്റ് ക്വോട്ട സീറ്റായിരിക്കും. കഴിഞ്ഞവർഷം 76 സ്കൂളുകൾ മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നൽകിയ 30 ശതമാനത്തിൽ 10 ശതമാനം സർക്കാർ തിരികെയെടുത്ത് ഏകജാലക പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിൽ ലയിപ്പിക്കും.
പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽതന്നെ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും തിരുവനന്തപുരത്തും സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റ് വർധിപ്പിക്കാനുള്ള ശിപാർശയും മന്ത്രിതല യോഗം അംഗീകരിച്ചു. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ 20 ശതമാനം സീറ്റ് വർധനയും അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.