തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ മലബാറിലെ വിദ്യാർഥികൾ വലയുമ്പോൾ മതിയായ കുട്ടികളില്ലെന്ന് കണ്ട് ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റാൻ ശിപാർശ ചെയ്ത 91 ബാച്ചുകളിൽ തൊടാതെ വിദ്യാഭ്യാസ വകുപ്പ്. ഈ വർഷത്തെ പ്രവേശനത്തിൽ മൂന്ന് അലോട്ട്മെന്റുകൾ അടങ്ങിയ മുഖ്യഘട്ടം പിന്നിടുമ്പോഴും ബാച്ച് നിലനിർത്താൻ ആവശ്യമായ കുട്ടികൾ ഈ ബാച്ചുകളിൽ മിക്കതിലും എത്തിയിട്ടില്ല.
സംസ്ഥാനത്തിന്റെ ഒരുഭാഗത്ത് പഠിക്കാൻ ആവശ്യമായ സീറ്റില്ലാതെ വിദ്യാർഥികൾ കണ്ണീർപൊഴിക്കുമ്പോൾ മറ്റൊരു ഭാഗത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മതിയായ കുട്ടികൾ ഇല്ലാതെ ബാച്ച് നിലനിർത്തിക്കൊടുക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്.
കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ അടിസ്ഥാനത്തിലാണ് 90 സ്കൂളുകളിലായി 25 കുട്ടികളിൽ കുറവുള്ള 105 ബാച്ചുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് നൽകിയത്. ഏറെ സമ്മർദങ്ങൾക്കൊടുവിൽ ഇതിൽ 14 ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി.
ശേഷിക്കുന്ന 91 ബാച്ചുകളിൽ ഭൂരിഭാഗത്തിലും ഈ വർഷത്തെ പ്രവേശനത്തിന്റെ പ്രധാനഘട്ടം അവസാനിച്ചപ്പോൾ ആവശ്യമായ കുട്ടികൾ എത്തിയിട്ടില്ല. പല ബാച്ചുകളിലും 10 മുതൽ 20 വരെ കുട്ടികളാണ് പ്രവേശനം നേടിയത്. കുട്ടികളില്ലാത്ത ബാച്ചുകൾ നിലനിർത്തുമ്പോൾ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 43,000 കുട്ടികളാണ് സീറ്റില്ലാതെ പുറത്തുനിൽക്കുന്നത്.
ഒരേ വിഷയ കോമ്പിനേഷനിൽ രണ്ട് ബാച്ചുള്ളതെന്ന് കണ്ടെത്തിയ 14 ബാച്ചുകളാണ് ഇത്തവണ മാറ്റിയത്. എന്നാൽ, നിലനിർത്തിയ ബാച്ചുകളിൽ പലതിലും വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് ഇതുവരെ പ്രവേശനം നേടിയതെന്ന് സ്കൂൾതല ഒഴിവുകൾ പ്രസിദ്ധീകരിച്ചതോടെ വ്യക്തമായി.
മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയ ബാച്ചുകൾ കൂടുതൽ കോട്ടയത്താണ്; 21 എണ്ണം. പത്തനംതിട്ടയിൽ 20ഉം എറണാകുളത്ത് 15ഉം ആലപ്പുഴയിൽ 14ഉം ഇടുക്കിയിൽ ഒമ്പതും കൊല്ലത്ത് ആറും ബാച്ചുകളിലാണ് മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തി സീറ്റ് ക്ഷാമമുള്ള സ്ഥലങ്ങളിലേക്ക് മാറ്റാൻ ശിപാർശ ചെയ്തത്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിൽ നാലു വീതം ബാച്ചുകളും കോഴിക്കോട്, വയനാട് ജില്ലകളിൽ ഒന്നു വീതം ബാച്ചുകളിലും മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതിൽ കോട്ടയത്തെ നാലും തിരുവനന്തപുരത്തെ മൂന്നും പാലക്കാട്ടെ രണ്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഒന്നും വീതവുമായി ആകെ 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി.
കുട്ടികളില്ലെന്ന് കണ്ടെത്തിയ 105ൽ 15 ബാച്ചുകൾ എയ്ഡഡ് സ്കൂളുകളിലാണ്. ഇതിൽ നിന്ന് ഒരു ബാച്ച് പോലും സർക്കാർ തൊട്ടിട്ടില്ല. എം.എൽ.എമാരുടെയും സ്വകാര്യ എയ്ഡഡ് മാനേജ്മെന്റുകളുടെയും സമ്മർദമാണ് ബാച്ച് മാറ്റത്തിന് പ്രധാന തടസ്സമായി മാറുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.