മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം: മുസ്‍ലിം ലീഗ് പ്രക്ഷോഭത്തിന്; ​29ന് കലക്ടറേറ്റ് സമരം

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ മുസ്‍ലിം ലീഗ് പ്രക്ഷോഭത്തിന് മേയ് 29ന് മലബാർ ജില്ലകളിലെ കലക്ടറേറ്റുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് നേതൃയോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും വ്യക്തമാക്കി. മലബാറിലെ ജില്ലകളിൽ അരലക്ഷത്തോളം സീറ്റുകളുടെ കുറവുണ്ട്. സീറ്റ് വർധിപ്പിക്കുന്നതിനുപകരം ബാച്ചുകൾ കൂട്ടുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. കലക്ടറേറ്റ് സമരത്തിനുശേഷവും പരിഹാരമില്ലെങ്കിൽ അടുത്തഘട്ടം ആലോചിക്കുമെന്നും നേതാക്കൾ പറഞ്ഞു.

സമസ്തയുമായി ലീഗിന് ഭിന്നതയില്ലെന്നും ഊഷ്മള ബന്ധമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിൽ സുപ്രഭാതം പത്രവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. തങ്ങൾക്കുകൂടി പങ്കുള്ള പത്രമാണത്. ആ വിഷയങ്ങളെല്ലാം യോഗം ചർച്ചചെയ്തു. വികാരം അവരെ അറിയിച്ചു. പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനം ബഹിഷ്‍കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചചെയ്തിട്ടില്ലെന്നും സോളാർ സമരം ഒത്തുതീർപ്പാക്കിയത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. മലപ്പുറത്തും പൊന്നാനിയിലും വലിയ വിജയമുണ്ടാകും. ​ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വർഗീയ വിഭജനത്തിനാണ് സി.പി.എം ശ്രമിച്ചത്. വടകരയിൽ വ്യാജ പ്രചാരണം നടത്തിയവരെ കണ്ടെത്താൻ ​ഭരണകൂടം പൊലീസിനെ അനുവദിക്കുന്നില്ല. വടകരയെ വീണ്ടും പഴയ സാഹചര്യത്തിലേക്ക് കൊണ്ടുപോകാൻ ഒരുവിഭാഗത്തിൽ നിന്നും ശ്രമമുണ്ടാകരുത്. സമാധാനത്തിനുള്ള സർക്കാർ ശ്രമങ്ങളെ പാർട്ടി പിന്തുണക്കുമെന്ന് പി.എം.എ സലാം പറഞ്ഞു. എം.പി. അബ്ദുസമദ് സമദാനി, ഉമർ പാണ്ടികശാല എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

‘ഇൻഡ്യ’ തിരിച്ചുപിടിക്കും -നേതൃയോഗം

കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പിന് ശേഷം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ ‘ഇൻഡ്യ’ മുന്നണിക്ക് സാധിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗം. ജനം ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്തും. തെരഞ്ഞെടുപ്പിനിടെ കോടതി നടപടികളെ ധിക്കരിച്ച് സി.എ.എ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ യോഗം അപലപിച്ചു. സി.എ.എക്കെതിരെ മുസ്‍ലിം ലീഗ് നടത്തിവരുന്ന നിയമ പോരാട്ടം ശക്തമായി തുടരും. ഓരോ ദിവസവും മുസ്‌ലിംകൾക്കെതിരെ പ്രസ്താവനകൾ പുറപ്പെടുവിച്ച് കുളംകലക്കി മീൻപിടിക്കാനുള്ള ​പ്രധാനമന്ത്രിയുടെ ശ്രമം ജനം തിരിച്ചറിയും.

മതേതരത്വവും സഹിഷ്ണുതയുമാണ് ഇന്ത്യയുടെ ആത്മാവ്. അത് തകർത്ത് അധികകാലം മുന്നോട്ടുപോകാനാവില്ലെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷത വഹിച്ച യോഗം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Plus one seat shortage in Malabar for Muslim League agitation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.