പ്ലസ് വൺ സീറ്റ്: അധിക ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് പരിഹാരം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: 2021 - 2022 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ച് രണ്ടാംഘട്ട അലോട്ട്മെൻറ് അവസാനിച്ചിട്ടും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ 1.95 ലക്ഷം വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. യുക്തിരഹിതമായ കണക്കുകൾ അവതരിപ്പിച്ചു വിദ്യാർഥികളെ വെല്ലുവിളിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇഷ്ടപ്പെട്ട കോഴ്സുകൾ തെരഞ്ഞെടുത്തു പഠിക്കാൻ കഴിയുന്ന സാഹചര്യം പോലും ലഭ്യമാകാത്ത വിവേചന ഭീകരതയാണ് നിലനിൽക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ അവകാശങ്ങളിൽ നിന്ന് വിദ്യാർഥികളെ പുറംതള്ളുന്ന ഭീതിജനകമായ അവസ്ഥയാണ് ഇതിലൂടെ ഭരണകൂടം സൃഷ്ടിക്കുന്നത്.

മലബാർ ജില്ലകളിൽ വിദ്യാർഥികൾക്ക് മതിയായ സ്വീറ്റ് ലഭിക്കാത്ത സാഹചര്യം അതിഭീകരമാണ്. അവകാശ നിഷേധത്തിനെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പ്രക്ഷോഭങ്ങളും സമരങ്ങളുമായി തെരുവിൽ ഇറങ്ങിയിട്ടും സർക്കാർ തികഞ്ഞ നിസംഗതയാണ് പുലർത്തുന്നത്. പഠനാവസരങ്ങൾ നഷ്ടപ്പെടില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും സാമ്പത്തിക ബാധ്യതയുടെ കണക്കു പറഞ്ഞാണ് പുതിയ ബാച്ചുകൾ പൂർണ്ണമായി നിഷേധിക്കുന്നത്. ഡിഗ്രി, പിജി തലങ്ങളിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും മലബാർ മേഖലകളിൽ നിലനിൽക്കുന്ന സീറ്റ് ലഭ്യത കുറവിനെക്കുറിച്ചുള്ള ആശങ്കകൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സീറ്റ് ലഭ്യതയെ വസ്തുനിഷ്ഠമായി പഠിക്കാനോ സീറ്റുകളുടെ ആവശ്യകതയെക്കുറിച്ച് കുറിച്ച് ചർച്ച ചെയ്യാനോ പിണറായി സർക്കാർ തയ്യാറാകുന്നില്ല. മലബാർ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിക്കുമെന്ന രണ്ടാം പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്തും ഹയർസെക്കൻഡറികളിൽ പുതിയ ബാച്ചുകൾ അനുവദിച്ചും പ്ലസ് വൺ സീറ്റ് ലഭ്യത കുറവിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Plus One Seat The only solution is to allow extra batches Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.