മലപ്പുറം: ഹയർ സെക്കൻഡറി ക്ലാസ് മുറികളില്‍ കുട്ടികള്‍ ശ്വാസം മുട്ടുന്ന സാഹചര്യമാണെന്നും സീറ്റുകള്‍ വർധിപ്പിച്ച് ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
പ്ലസ് വൺ ബാച്ച് വർധിപ്പിക്കുകയാണ് ശാശ്വതപരിഹാരം. വിദ്യാഭ്യാസ വിവേചനത്തിനെതിരെ മലബാറിലെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ വ്യാഴാഴ്ച മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധം സര്‍ക്കാറിനെതിരെയുള്ള താക്കീതാകുമെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസരംഗത്ത് മലബാര്‍ മേഖലയിലെ ജില്ലകള്‍ നേരിടുന്ന പ്രതിസന്ധി വര്‍ഷങ്ങളായി മുസ്‌ലിംലീഗ് ചൂണ്ടിക്കാട്ടുന്നതാണ്. എന്നാല്‍, ഇന്നേവരെ ശാശ്വത പരിഹാരം കാണാനായിട്ടില്ല.
കാര്‍ത്തികേയന്‍ റിപ്പോര്‍ട്ടില്‍ കൃത്യമായി മലബാറിലെ അവസ്ഥ പരാമര്‍ശിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തു വിടണം. ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം പരീക്ഷയെഴുതാതെ ലഭിക്കുന്ന കാലത്താണ് നമ്മളുള്ളത്. പി.എസ്.സി പരീക്ഷ മുതല്‍ കോളജ് സെനറ്റ് വരെ തിരിമറിയാണ്. മലബാര്‍ മേഖലയിൽപ്പെടുന്ന പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ആറ് ജില്ലകളിലാണ് വ്യാഴാഴ്ചത്തെ സമരം. ദേശീയ, സംസ്ഥാന നേതാക്കള്‍ ഓരോ ജില്ലകളിലും പങ്കെടുക്കുമെന്ന് സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.