തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷ സമർപ്പണം തുടങ്ങിയപ്പോൾ ആദ്യദിനം തന്നെ ലഭിച്ചത് അരലക്ഷത്തിലധികം അപേക്ഷകൾ. ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം 58,210 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 55,964 അപേക്ഷകളും നേരത്തെ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവരാണ്. 2246 പേർ പുതിയ അപേക്ഷകരാണ്. സപ്ലിമെൻററി അലോട്ട്മെൻറിനും കൂടുതൽ അപേക്ഷകർ സീറ്റ് ക്ഷാമം ഏറെയുള്ള മലപ്പുറം ജില്ലയിൽ നിന്നാണ്. ജില്ലയിൽ നിന്ന് ആദ്യദിനം ലഭിച്ചത് 11310 അപേക്ഷകളാണ്. ഇതിൽ 10971 അപേക്ഷകരും മുഖ്യഘട്ടത്തിൽ സീറ്റ് ലഭിക്കാത്തവരാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് വരെയാണ് സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാനുള്ള സമയം. 40000ത്തോളം സീറ്റുകളാണ് സപ്ലിമെൻററി അലോട്ട്മെൻറിനായുള്ളത്. സപ്ലിമെൻററി അലോട്ട്മെൻറിന് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചായിരിക്കും സീറ്റ് വർധനവ് എത്രവേണമെന്ന് സർക്കാർ തീരുമാനമെടുക്കുക.
പ്ലസ് വൺ; അൺ എയ്ഡഡിൽ കൂടുതൽ സീറ്റൊഴിവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റ് ക്ഷാമം നിലനിൽക്കുേമ്പാഴും അൺഎയ്ഡഡ് സ്കൂളുകളിൽ സീറ്റൊഴിവ് വർധിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ള 55,157 സീറ്റുകളിൽ ഇത്തവണ പ്രവേശനം നടന്നത് 20,734 എണ്ണത്തിലേക്കാണ്. 34,423 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞവർഷം 27987 സീറ്റുകളാണ് അൺഎയ്ഡഡിൽ ഒഴിഞ്ഞിരുന്നതെങ്കിൽ ഇത്തവണ അത് വൻതോതിൽ വർധിക്കുകയായിരുന്നു.
അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും സീറ്റുണ്ടെന്ന് സർക്കാർ കണക്ക് നിരത്തിയിരുന്നത്. എന്നാൽ പത്താം തരം വരെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾ പ്ലസ് വൺ പഠനത്തിന് അൺഎയ്ഡഡ് സ്കൂളുകൾ തെരഞ്ഞെടുക്കാറില്ല. അൺഎയ്ഡഡ് സ്കൂളുകളിൽ പത്താം തരം വരെ പഠിച്ച് ഉയർന്ന മാർക്ക് നേടിയവർ പ്ലസ് വൺ പഠനത്തിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് മാറുകയും ചെയ്യുന്നു.
ഉയർന്ന ഫീസും തലവരിയും വാങ്ങുന്നതും അൺഎയ്ഡഡ് സ്കൂളുകളിൽ നിന്ന് കുട്ടികളെ അകറ്റുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന നിർധന വിദ്യാർഥികൾക്ക് അൺ എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പഠനം സാധ്യമാകില്ല. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ ഒാപൺ സ്കൂളിനെ ആശ്രയിക്കുകയേ ഇവർക്ക് നിർവാഹമുള്ളൂ.
പ്ലസ് വൺ സീറ്റ് വർധന: തീരുമാനം ഉടൻ മന്ത്രിസഭ പരിഗണനക്ക്
രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് മുമ്പായി തീരുമാനം നടപ്പാക്കാനാണ് ധാരണ
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ച സീറ്റ് വർധന തീരുമാനം ഉടൻ മന്ത്രിസഭയുടെ പരിഗണനക്ക്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിസഭ യോഗത്തിെൻറ പരിഗണനക്കുള്ള കുറിപ്പ് തയാറാക്കി വരികയാണ്. നിലവിലുള്ള ബാച്ചുകളിൽ പത്ത് മുതൽ 20 ശതമാനം വരെ സീറ്റ് വർധനക്കും, സീറ്റ് ക്ഷാമം കൂടുതലുള്ള മലബാറിലെ നാല് ജില്ലകളിൽ താൽക്കാലിക ബാച്ചുകൾ തുടങ്ങാനും, കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ ട്രാൻസ്ഫർ ചെയ്യാനുമുള്ള തീരുമാനമാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് മുമ്പായി സീറ്റ് വർധന തീരുമാനം നടപ്പാക്കാനാണ് ധാരണ. ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിന് 28 വരെയാണ് അപേക്ഷിക്കേണ്ടത്. നവംബർ ഒന്നിന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഇതിന് ശേഷം ബാക്കി വരുന്ന സീറ്റുകളും വർധന വരുന്ന സീറ്റുകളും പരിഗണിച്ച് നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂൾ/വിഷയ കോംബിനേഷൻ ട്രാൻസ്ഫറുകൾ അനുവദിക്കാനാണ് തീരുമാനം. ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയാകുന്നതോടെ നിലവിൽ സീറ്റില്ലാത്ത കുട്ടികളുടെ കൃത്യം എണ്ണം ലഭിക്കും. ഇത് കൂടി പരിഗണിച്ചായിരിക്കും സീറ്റ് വർധനവിെൻറയും അധിക ബാച്ച് അനുവദിക്കുന്നതിെൻറയും തോത് നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.