പ്ലസ് ടു കോഴക്കേസ്: കെ.എം. ഷാജിക്ക് സുപ്രീം കോടതി നോട്ടിസ്

ന്യൂഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്ക് സുപ്രീം കോടതി നോട്ടിസ്. ആറാഴ്ചക്കകം നോട്ടിസിന് മറുപടി നൽകാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കോഴക്കേസിലെ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതി നോട്ടിസ് അയച്ചത്.

അതേസമയം, ഷാജി കൈക്കൂലി ചോദിച്ചതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരോട് ആരാഞ്ഞു. നേരിട്ട് കൈക്കൂലി ചോദിച്ചതിന് തെളിവുകള്‍ ഇല്ലെങ്കിലും പരോക്ഷ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ബോധിപ്പിച്ചു.

കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 2014ല്‍ സ്കൂൾ മാനേജ്മെന്റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരായ തുടർനടപടികൾ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

2020ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്.ഐ.ആറിലോ അന്വേഷണത്തിൽ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി കേസിലെ തുടർനടപടികൾ റദ്ദാക്കിയത്. എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ ഭാരവാഹികളോ ആണെന്നും ഇതിൽ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌ നടത്തുകയും 47 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍, മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Plus two corruption case: Supreme Court notice to K.M. Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.