മലപ്പുറം: മുസ്‍ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്ന് നോക്കുന്നതിനുമുമ്പ് മുഖ്യമന്ത്രി സ്വന്തം മുഖമൊന്ന് നോക്കുന്നത് നല്ലതാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. തനിക്കെതിരെ സി.പി.എമ്മിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പിണറായി വിജയൻ മുസ്‍ലിം ലീഗിനെതിരെ തീർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഭരണത്തിൽ സഹികെട്ടാണ് ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ അടക്കമുള്ളവർ യു.ഡി.എഫിനെ പിന്തുണച്ചെങ്കിൽ പി.ഡി.പി അടക്കമുള്ള പാർട്ടികൾ ഇടതുപക്ഷത്തിനാണ് പിന്തുണ നൽകിയത്. എന്നിട്ടും പരാജയപ്പെട്ട അവർ തിരുത്തുന്നതിന് പകരം ലീഗിനെ പഴിചാരുകയാണ്.
പ്ലസ് വൺ പ്രവേശനത്തിന് മൂന്ന് അലോട്ട്മെൻറുകൾ പൂർത്തിയാക്കി ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കുമ്പോഴും മലബാറിൽ നിരവധി വിദ്യാർഥികളാണ് പഠിക്കാൻ അവസരമില്ലാതെ പുറത്തുനിൽക്കുന്നത്. എം.എസ്.എഫ്, എസ്.എഫ്.ഐ അടക്കമുള്ളവർ പഠിക്കാൻ സീറ്റില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി പറയുന്നുണ്ട്. വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ സമരം മുസ്‍ലിം ലീഗ് ഏറ്റെടുക്കുമെന്നും പി.എം.എ. സലാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.