തിരുവനന്തപുരം: ഒക്ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്സിൻ വിതരണം ചെയ്യാനൊരുങ്ങി ആരോഗ്യവകുപ്പ്. യൂനിവേഴ്സല്‍ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് (പി.സി.വി) ആണ് നല്കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മെനിൈഞ്ചറ്റിസ് എന്നിവയില്‍നിന്ന് കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന് സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം പ്രായത്തിലായി മൂന്ന് ഡോസ് വാക്സിനാണ് നല്‍കുക. വാക്സിനേഷന് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ധ പരിശീലനം തുടരുകയാണ്. പരിശീലനം പൂര്‍ത്തിയായാലുടന്‍ വാക്സിൻ വിതരണം ആരംഭിക്കും.
കുട്ടികളില്‍ ഗുരുതര ന്യൂമോണിയ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. യൂനിവേഴ്സല്‍ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി വാക്സിൻ സൗജന്യമാണ്. പി.സി.വി സുരക്ഷിത വാക്സിനാണെന്ന് ആേരാഗ്യവകുപ്പ് വിശദീകരിക്കുന്നു. ഏത് വാക്സിന് ശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവെപ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടായേക്കാം.
എന്താണ് ന്യൂമോകോക്കല്‍ ?
സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിെൻറ പല ഭാഗങ്ങളിലായി വ്യാപിച്ച് പലതരം രോഗങ്ങള്‍ ഉണ്ടാക്കാം.
ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ഇതാണ്. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ലക്ഷണങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.