മഞ്ചേരി: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട സ്കൂൾ മാനേജറെ വിദ്യാഭ്യാസ വകുപ്പ് അയോഗ്യനാക്കി. കാരകുന്ന് പഴേടം എ.എം.എൽ.പി സ്കൂൾ മാനേജർ എം.എ. അഷ്റഫിനെയാണ് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ അയോഗ്യനാക്കിയത്. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സം കൂടാതെ നിർവഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് ചുമതല നൽകിയതായും വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു.
അഷ്റഫിനെതിരെ ജൂലൈ 13ന് പോക്സോ വകുപ്പ് പ്രകാരം മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ പ്രതി 13കാരിയായ ബാലികക്ക് മാനഹാനി വരുത്തിയെന്നാണ് കേസ്. ആലുവ സ്വദേശിയായ കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. പിന്നീട് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഹൈകോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചൈൽഡ് വെൽെഫയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായി കണ്ടെത്തി.
സ്കൂളിലെ അധ്യാപകർ തമ്മിലുള്ള പ്രശ്നങ്ങൾ മൂലം സ്കൂളിന്റെ അക്കാദമിക നിലവാരത്തെ ബാധിക്കുന്ന തരത്തിലും സ്കൂളിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിലും മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതായും കണ്ടെത്തി.ആഗസ്റ്റ് 26ന് മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
സ്കൂളിനകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പി.ടി.എ കമ്മിറ്റികളെയും മറ്റു മധ്യസ്ഥരെയും ചുമതലപ്പെടുത്തി തന്റെ ഉത്തരവാദിത്തം നിർവഹിക്കാതെ കാഴ്ചക്കാരനായി നിന്നെന്നും ഉത്തരവിലുണ്ട്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേട്, ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുത്തൽ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്കൂളിലെ അധ്യാപികയെ ആഗസ്റ്റ് 19ന് സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.