തിരുവനന്തപുരം: മോഷണക്കേസ് പ്രതിയെന്ന് തെറ്റിദ്ധരിച്ച് പിടികൂടിയ ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനം. അബദ്ധം മനസ്സിലാക്കിയപ്പോൾ ഉഴിച്ചിലിനായി 500 രൂപ നൽകി വിട്ടയച്ചു. സെക്രട്ടേറിയറ്റിന് കിലോമീറ്റർ മാത്രം അകലെ മണക്കാടാണ് ഫോർട്ട് പൊലീസിന്റെ ഈ ക്രൂരത. മർദനത്തിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ അമ്പലത്തറ സ്വദേശി ആർ. കുമാർ ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. രാത്രി മണക്കാട് സ്റ്റാൻഡിലെത്തിയ പൊലീസ് ഇതാരുടെ ഓട്ടോയാണെന്ന് കുമാറിനോട് ചോദിച്ചത്രെ. തന്റെ ഓട്ടോയാണെന്ന് മറുപടി പറഞ്ഞപ്പോള്‍ ജീപ്പിൽനിന്ന് ഇറങ്ങിയ പൊലീസുകാർ തന്നെ മർദിച്ചതായി കുമാർ പറയുന്നു. തുടർന്ന് ബലം പ്രയോഗിച്ച് ജീപ്പിനകത്തേക്ക് കയറ്റി. ജീപ്പിനുള്ളിൽവെച്ചും മർദിച്ചു. പിന്നീട് ഫോർട്ട് സ്റ്റേഷനിലെത്തിച്ചപ്പോഴും മൂന്ന് പൊലീസുകാർ മർദിച്ചു. കുമാറിന്റെ ഓട്ടോയുടെ അതേ പേരിലുള്ള ഓട്ടോ മോഷണം പോയതാണ് സംഭവങ്ങൾക്ക് ആധാരം.
ഇതുസംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ആളുമാറി കുമാറിനെ പൊലീസ് പിടികൂടി മർദിച്ചതെന്നാണറിയുന്നത്. പിന്നീട് ആളുമാറിയാണ് പിടികൂടിയതെന്ന് സമ്മതിച്ച പൊലീസ് ഉഴിച്ചിൽ നടത്താൻ 500 രൂപ നൽകി കുമാറിനെ മടക്കി അയക്കുകയായിരുന്നത്രെ. കുമാറിന്റെ ഓട്ടോയുടെ പേരും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഓട്ടോയുടെ പേരും ഒന്നായതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്ന് ഫോർട്ട് പൊലീസ് വിശദീകരിക്കുന്നു. കുമാറിനെ മർദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം.
വീട്ടിലെത്തിയ കുമാർ തളർന്ന് വീണതിനെ തുടർന്ന് ആദ്യം ഫോർട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിലാണ് നട്ടെല്ലിന് പരിക്കേറ്റതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിന്റെ അതിക്രമം ചൂണ്ടിക്കാട്ടി ഭാര്യ ശ്യാമ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി. പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.