പ്രതി ഡൊമിനിക് മാർട്ടിൻ തന്നെ; മൊബൈൽ ഫോണിൽ നിർണായക തെളിവുകൾ, ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്‍റർനെറ്റിൽ നിന്ന്

കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷി പ്രാർഥനാ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിലെ പ്രതി ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുമാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടിന്‍റെ ദൃശ്യങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ഫോടന സമയത്ത് ഡൊമിനിക് മാർട്ടിന്‍റെ മൊബൈൽ ലൊക്കേഷൻ കൊച്ചിയിലായിരുന്നെന്നും കണ്ടെത്തി. ആറുമാസമെടുത്ത് ഇന്‍റർനെറ്റിൽ നിന്നാണ് ഇയാൾ ബോംബ് നിർമിക്കാനും റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്താനും പഠിച്ചതെന്നാണ് വിവരം. ഡൊമിനിക്കിന്‍റെ തമ്മനത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇയാളുടെ ഭാര്യയെയും മകളെയും ചോദ്യംചെയ്യുകയാണ്.

സ്ഫോടനശേഷം ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാർട്ടിൻ ഫേസ്ബുകിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. താൻ യഹോവ സാക്ഷികളുടെ ഭാഗമായിരുന്നെന്നും തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് ശ്രമിച്ചതെന്നും ആറു വർഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാൾ ഫേസ്ബുക് ലൈവിൽ പറഞ്ഞത്.

രാവിലെ 9.40ഓടെയാണ് കളമശേരി കൺവൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 18 പേർ ഐ.സി.യുവിൽ ചികിത്സയിലാണ്. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. 

Tags:    
News Summary - police got the footage of the remote used for the bomb blast from the phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.