തിരുവനന്തപുരം: കലക്ടറേറ്റിലെ ആർ.ഡി.ഒ കോടതിയിൽനിന്ന് തൊണ്ടിമുതലുകള്‍ കാണാതായ സംഭവത്തിൽ പൊലീസിന്‍റെ കണക്കെടുപ്പ് തുടരുന്നു. ഞായറാഴ്ചവരെയുള്ള പരിശോധനയിൽ 72 പവൻ സ്വർണവും 140.5 ഗ്രാം വെള്ളിയാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും 47,500 രൂപയും ലോക്കറിൽനിന്ന് നഷ്ടപ്പെട്ടതായാണ് പൊലീസ് കണ്ടെത്തൽ.
ഞായറാഴ്ച രാത്രിവരെ 2010 മുതൽ 2013വരെയുള്ള കണക്കെടുപ്പാണ് പൊലീസ് പൂർത്തിയാക്കിയത്. ആറ് വർഷത്തെ കണക്ക് ഇനിയും ബാക്കി നിൽക്കെ മോഷണം പോയ മുതലുകളുടെ വ്യാപ്തിയും വർധിക്കുമെന്ന് അന്വേഷണസംഘം പറയുന്നു. കണക്കെടുപ്പ് ഇന്നും തുടരും.അസ്വാഭാവികമായി മരണപ്പെടുന്നവരുടെ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കാണാതായത്.
അസ്വാഭാവിക മരണങ്ങളിൽ കേസ് അവസാനിച്ചാൽ മാത്രമാണ് ആർ.ഡി.ഒ കോടതിയിൽ സൂക്ഷിക്കുന്ന സ്വർണം ബന്ധുക്കള്‍ക്ക് വിട്ടുനൽകുന്നത്. എന്നാൽ, ബന്ധുക്കള്‍ പലരും കേസ് അവസാനിച്ചാലും ഇതിനായി അപേക്ഷ നൽകി വരാറില്ല. ഈ പഴുതുപയോഗിച്ചാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
കോടതിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിന്‍റെ സ്വർണം ആവശ്യപ്പെട്ട് ശ്രീകാര്യം സ്വദേശിനി സബ് കലക്ടറെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സബ്-കലക്ടറുടെ ഉത്തരവിനെ തുടർന്ന് ലോക്കർ പരിശോധിച്ചപ്പോള്‍ തൊണ്ടിമുതൽ നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഇതേതുടന്ന് പരിശോധന നടത്തിയപ്പോഴാണ് ലക്ഷങ്ങളുടെ തൊണ്ടിമുതൽ നഷ്ടമായതായി തെളിഞ്ഞത്. ലോക്കർ തകർത്തിട്ടില്ല. അതുകൊണ്ട് ഉദ്യോഗസ്ഥർ തൊണ്ടിമുതൽ മാറ്റിയെന്നാണ് സംശയം.
2018ന് ശേഷമാണ് തൊണ്ടി മുതൽ നഷ്ടമായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. 2018ൽ തൊണ്ടിമുതലുകളുടെ പരിശോധന നടത്തിയിരുന്നു. ആർ.ഡി.ഒയുടെ കീഴിൽ ഒരു സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്റ്റോഡിയൻ.
ഓരോ സൂപ്രണ്ടുമാർ മാറിവരുമ്പോഴും തൊണ്ടിമുതലുകള്‍ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമാണ് ചുമതലേൽക്കണ്ടത്. 2017ൽ ചുമതലയേറ്റ ഒരാൾ മാത്രമാണ് തൊണ്ടിമുതൽ ഓരോന്നും പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം ചുമതലയേറ്റത്. അതിനുശേഷം ചുമതലയേറ്റ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തിയിട്ടില്ല. അതിനാൽ 2017 മുതലുള്ള എല്ലാ സീനിയർ സൂപ്രണ്ടുമാരെയും പൊലീസ് ചോദ്യം ചെയ്യും.
സ്വർണം കാണാതായ കാലയളവിൽ 20 അധികം പേർ സീനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി ചെയ്തിട്ടുണ്ട്. കവർച്ചക്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. വിജിലൻസിന് കേസ് കൈമാറുന്നതുവരെ പൊലീസ് അന്വേഷണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.