നെടുങ്കയം, പാട്ടക്കരിമ്പ് മേഖലകളില്‍ നിയന്ത്രണം; ചെക്ക്പോസ്റ്റ് അടച്ചു 

പൂക്കോട്ടുംപാടം (മലപ്പുറം): പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വനത്തിനകത്ത് മാവോവാദികള്‍ കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് നെടുങ്കയം, മുണ്ടക്കടവ്, പാട്ടക്കരിമ്പ് മേഖലയിലും ആദിവാസി കോളനികളിലും സുരക്ഷ കര്‍ശനമാക്കി. വനത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ചെക്ക്പോസ്റ്റുകള്‍ അടച്ചു. പൊലീസ് താല്‍ക്കാലികാശ്വാസത്തിലാണെങ്കിലും മാവോവാദികള്‍ പകരം വീട്ടുമോയെന്ന ഭീതിയുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് മുണ്ടക്കടവ് കോളനിക്ക് സമീപം പൊലീസിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തിരുന്നു. പൊലീസ് ജീപ്പിന് തകരാര്‍ സംഭവിക്കുകയും ചെയ്തു. അന്ന് തലനാരിഴക്കാണ് പൊലീസ് രക്ഷപ്പെട്ടത്. തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങള്‍ ഉള്‍പ്പെടെ വനത്തില്‍ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചില്ല. വനംവകുപ്പിലെ വാച്ചര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനും വനപാലകരെ ബന്ദിയാക്കിയതിനും പൂക്കോട്ടുംപാടം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 


വനംവകുപ്പിന്‍െറ ടി.കെ കോളനി പൂത്തോട്ടം കടവിലെ ഒൗട്ട്പോസ്റ്റ് തീയിട്ട് നശിപ്പിച്ചതിനും കേസെടുത്തിരുന്നു. കൊലപാതകം നടന്നതോടെ മേഖലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്കും, ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കും മതിയായ സുരക്ഷയില്ലാത്തത് വന്‍ ഭീഷണിയായാണ് വിലയിരുത്തുന്നത്. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് സ്റ്റേഷനില്‍ രാത്രികാവലിനുണ്ടാവുക. ചില സ്റ്റേഷനുകളില്‍ അതുമുണ്ടാകാറില്ല. കവളമുക്കട്ട ചക്കിക്കുഴി സ്റ്റേഷന്‍ ആക്രമിക്കുമെന്ന് പാട്ടക്കരിമ്പ് കോളനി സന്ദര്‍ശിച്ച മാവോവാദികള്‍ പറഞ്ഞതായി കോളനി നിവാസികള്‍ വെളിപ്പെടുത്തിയിരുന്നു. കോളനിക്ക് സമീപം താമസിക്കുന്നവരും ഭീതിയിലാണ്. നിരവധി തവണ മാവോവാദികള്‍ സന്ദര്‍ശനം നടത്തുകയും ക്ളാസെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസ് പാട്ടക്കരിമ്പില്‍ പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു. വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട മാവോവാദികള്‍ക്ക് കേരളത്തിന് പുറത്ത് കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തമിഴ്നാടും കര്‍ണാടകയും അതിര്‍ത്തിയിലെ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. കേരളത്തിലെ തന്നെ മറ്റ് വനത്തിലേക്ക് കടക്കണമെങ്കില്‍ പാട്ടക്കരിമ്പ്, ടി.കെ കോളനി വഴി മാത്രമേ സാധിക്കൂ.

നീക്കം പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക സംരക്ഷണം തീര്‍ത്തശേഷം
നിലമ്പൂര്‍: മാവോവാദികള്‍ക്കെതിരായ പൊലീസിന്‍െറയും തണ്ടര്‍ ബോള്‍ട്ടിന്‍െറയും നീക്കം പ്രദേത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക സംരക്ഷണമൊരുക്കിയ ശേഷം. കരുളായി, വഴിക്കടവ് ഫോറസ്റ്റ് റേഞ്ചുകള്‍ അതിര്‍ത്തി പങ്കിടുന്ന പുഞ്ചക്കൊല്ലി വനമേഖലയിലെ ഉണക്കപ്പാറയില്‍ മാവോവാദികളുടെ ക്യാമ്പ് ഷെഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ഒന്നര മാസം മുമ്പാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്.ഐമാരുടെയും സി.ഐമാരുടെയും യോഗം ചേരുകയും സ്റ്റേഷനുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. കാളികാവ്, കരുവാരകുണ്ട്, പൂക്കോട്ടുംപാടം, നിലമ്പൂര്‍, വഴിക്കടവ്, എടക്കര, പോത്തുകല്ല് എന്നീ സ്റ്റേഷനുകളാണ് മലപ്പുറം ജില്ലയില്‍ മാവോവാദി ഭീഷണിയുള്ളവ. ഈ ഒന്നരമാസക്കാലയളവില്‍ സ്റ്റേഷനുകള്‍ക്ക് കൂറ്റന്‍ സംരക്ഷണ മതില്‍ നിര്‍മിച്ചു. മുള്‍വേലികള്‍ സ്ഥാപിച്ചു. പ്രത്യേക സംരക്ഷണ കവാടവും ഒരുക്കി. ജാഗ്രത നിര്‍ദേശം നല്‍കുകയും പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇതിനുശേഷമാണ് നേരിട്ടുള്ള ആക്രമണത്തിന് തീരുമാനം എടുത്തത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച നീക്കമാണ് നടത്തിയത്. സി.ഐയുടെയും എസ്.ഐമാരുടെയും നേതൃത്വത്തില്‍ 60 അംഗ തണ്ടര്‍ ബോള്‍ട്ട് സംഘം പുലര്‍ച്ചയോടെ കാട്ടില്‍ പ്രവേശിക്കുകയും രാവിലെ 11ഓടെ മാവോവാദി ക്യാമ്പ് ഷെഡ് കണ്ടത്തെുകയും ചെയ്തു. രണ്ട് ഭാഗത്തുനിന്നായി വളഞ്ഞ് ഉച്ചക്ക് ഒന്നോടെയാണ് വെടിവെപ്പ് നടന്നത്. 


മാവോവാദി സാന്നിധ്യം തെളിഞ്ഞത് ട്രെയിന്‍ കേബിള്‍ മുറിച്ചതിന്‍െറ അന്വേഷണത്തില്‍ 
നിലമ്പൂര്‍: 2010ലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദി സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിനിന്‍െറ കേബിള്‍ മുറിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സാന്നിധ്യം കണ്ടത്തൊന്‍ ഇടയാക്കിയത്. ട്രെയിന്‍ കേബിള്‍ മുറിച്ചതില്‍ മാവോവാദികള്‍ക്ക് ബന്ധമില്ളെന്ന് സ്ഥിരീകരിച്ചെങ്കിലും അന്വേഷണത്തിനിടെ സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. എറണാകുളം സ്വദേശിയായ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതോടെയാണ് നിലമ്പൂരിനെ പ്രധാന കേന്ദ്രമായി മാറ്റാനുള്ള മാവോവാദി നീക്കം അറിയുന്നത്. ജയിലില്‍ കഴിയുന്ന രൂപേഷടക്കമുള്ളവര്‍ ഇവിടെ ക്യാമ്പ് ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് രൂപേഷിനെതിരെ കേസ് നിലവിലുണ്ട്. പാണ്ടിക്കാട് സ്വദേശിയെക്കൂടി ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. പിടികൂടിയവരില്‍ ഒരാള്‍ പിന്നീട് മരിച്ചു. ഇതോടെ മാവോവാദി ഭീഷണിയുള്ള ഏഴ് സ്റ്റേഷനുകളില്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയമിച്ചു. 

കുപ്പു ദേവരാജ് ദക്ഷിണേന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ തലച്ചോര്‍
മലപ്പുറം: പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ് ദക്ഷിണേന്ത്യന്‍ വനമേഖലകളില്‍ മാവോവാദി പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളെന്ന് പൊലീസ്. സി.പി.ഐ മാവോയിസ്റ്റ് കര്‍ണാടക സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു ഇയാള്‍. ഈ പ്രദേശങ്ങളിലെ ഭൂമിശാസ്ത്രത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഇദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് സര്‍ക്കാറുകള്‍ നേരത്തെ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സൈലന്‍റ് വാലി വനമേഖലകളില്‍ പാലക്കാട് ഭാഗത്തും നേരത്തെ ഇയാള്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 2015 ഡിസംബറില്‍ കുപ്പു ദേവരാജിന്‍െറ നേതൃത്വത്തില്‍ 20 അംഗ സായുധ മാവോ കേഡറുകള്‍ പാലക്കാട്ടത്തെിയിരുന്നു. ഈ സംഘം തന്നെയാണ് നിലവില്‍ നിലമ്പൂര്‍ മേഖലയിലുള്ളതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 

ആദ്യ വെടിവെപ്പ്  സെപ്റ്റംബര്‍ 26ന്
എടക്കര: നിലമ്പൂര്‍ മേഖലയില്‍ മാവോവാദികളും പൊലീസും തമ്മില്‍ ആദ്യ വെടിവെപ്പ് നടന്നത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് രാത്രി എട്ടിന്. കരുളായി മുണ്ടക്കടവ് ആദിവാസി കോളനിക്ക് സമീപം വനത്തിലായിരുന്നു നേര്‍ക്കുനേര്‍ വെടിവെപ്പ് നടന്നത്. ഒരു വനിതയുള്‍പ്പെടെയുള്ള ഏഴംഗ മാവോവാദി സംഘം കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ ആദിവാസികളെ വിളിച്ചുവരുത്തി മെഴുകുതിരി വെളിച്ചത്തില്‍ യോഗം ചേരുമ്പോഴായിരുന്നു സംഭവം. വിവരമറിഞ്ഞത്തെിയ പൊലീസിനെ കണ്ട് ചിതറിയോടുന്നതിനിടയിലാണ് മാവോവാദികള്‍ ആദ്യം വെടിയുതിര്‍ത്തത്. 


പ്രചാരണം വാട്സ്ആപ്പിലൂടെയും; ഇരകളായത് ആദിവാസികള്‍
നിലമ്പൂര്‍: ആദിവാസി കോളനികളുമായി അടുത്തബന്ധം സ്ഥാപിച്ച് അടിത്തറ വികസിപ്പിക്കാനായിരുന്നു തുടക്കം തൊട്ടേ മാവോവാദികളുടെ ശ്രമം. വഴിക്കടവ് പഞ്ചായത്തിലെ അളക്കല്‍, പുഞ്ചക്കൊല്ലി, കരുളായിയിലെ പാട്ടക്കരിമ്പ്, മുണ്ടക്കടവ്, മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം തുടങ്ങിയ ആദിവാസി കോളനികളുമായി ഇവര്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചിരുന്നത് ഇവരില്‍നിന്നായിരുന്നു. മാസത്തില്‍ ഒരു തവണയെങ്കിലും കോളനികളില്‍ ഇവര്‍ വന്നുപോകുമായിരുന്നു. രാത്രി മാവോവാദി സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ഒട്ടിക്കലാണ് ഇവരുടെ രീതി. ആദിവാസികള്‍ തന്നെയാണ് ഈ വിവരം തണ്ടര്‍ ബോള്‍ട്ടിനെ അറിയിക്കാറ്. തണ്ടര്‍ ബോള്‍ട്ട് സംഘം രാവിലെയത്തെി പോസ്റ്റര്‍ കീറി മാവോവാദി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കും. പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് തങ്ങള്‍ കോളനികളില്‍ എത്തിയതായി അറിയിച്ച സംഭവങ്ങളുമുണ്ടായി. ഈ തന്ത്രം മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതോടെ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തി. ആശയവിനിമയ സംവിധാനം അടഞ്ഞതോടെ വാട്സ്ആപ് ഗ്രൂപ് വഴിയായി അടുത്ത പ്രചാരണം. ഇതിനായി മാവോയിസ്റ്റ് സി.പി.ഐ നാടുകാണി ഏരിയ സമിതി എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി. വയനാട് സ്വദേശിയായ സോമനാണ് ഗ്രൂപ് ഉണ്ടാക്കിയതും സന്ദേശങ്ങള്‍ അയക്കുന്നതും. വാട്സ്ആപ് ഗ്രൂപ് പൊലീസ് കണ്ടത്തെിയതാണ് ഇവരിലേക്കുള്ള നീക്കം എളുപ്പമാക്കിയത്. 

നിലമ്പൂര്‍ കാടുകള്‍ തന്ത്രപ്രധാന മേഖല
മലപ്പുറം: നിലമ്പൂര്‍ വനമേഖലയെ മാവോവാദികള്‍ കാണുന്നത് കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളോടടുത്ത ജങ്ഷനായി. മൂന്ന് സംസ്ഥാനങ്ങള്‍ക്കും ഒരേ രീതിയില്‍ ഭീഷണിയായി പാര്‍ട്ടിയെ വളര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ഈ പ്രദേശത്ത് ക്യാമ്പ് രൂപവത്കരിക്കാന്‍ മാവോവാദികള്‍ ശ്രമിച്ചത്. കാട്ടില്‍ ഇവര്‍ക്ക് മാത്രമറിയുന്ന പാതകളുണ്ട്. കേരളം നേരിട്ട് അതിര്‍ത്തി പങ്കിടുന്നത് തമിഴ്നാടിനോടാണെങ്കിലും കര്‍ണാടക അതിര്‍ത്തിയും തൊട്ടടുത്ത് തന്നെയാണ്.
 

Tags:    
News Summary - Police kill Maoist in rare encounter in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.