കൊച്ചി: ബലാത്സംഗ കേസിൽ ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ച നടനും ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് ഒളിവിൽ തന്നെ. നടൻ കൊച്ചിക്ക് പുറത്താണെങ്കിലും കേരളത്തിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. രണ്ടാം ദിവസവും സിദ്ദീഖിന്റെ വീടുകളും വിവിധ ഹോട്ടലുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാക്കനാട് പടമുകളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലുമാണ് പൊലീസ് സംഘമെത്തിയത്. വൈകീട്ടും കാക്കനാട്ടെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് തുറക്കാനാവാതെ മടങ്ങി. കൊച്ചിയിൽ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വിലയിരുത്തൽ. ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയതിനാൽ രാജ്യം വിട്ടുപോവില്ലെന്നാണ് നിഗമനം.
എന്നാൽ റോഡ് മാർഗം മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യത പൊലീസ് തള്ളിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിനിമരംഗത്തെ സുഹൃത്തുക്കളുടെ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ചൊവ്വാഴ്ച മുൻകൂർ ജാമ്യഹരജി തള്ളിയതിനു പിന്നാലെ സിദ്ദീഖ് ഫോണുകളെല്ലാം ഓഫ് ചെയ്ത് മുങ്ങിയതാണ് പൊലീസിനെ കുഴക്കിയത്. ഇത് മുൻകൂട്ടി കണ്ടുള്ള നീക്കം പൊലീസ് നടത്തിയിരുന്നില്ല.
നടന് രക്ഷപ്പെടാൻ വഴിയൊരുക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സിദ്ദീഖിനെതിരായ ലൈംഗികാതിക്രമ പരാതി യുവനടി ഉന്നയിച്ചത്.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിൽ വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.