ക്രിമിനൽ കേസെടുക്കുമെന്ന്​ പൊലീസ്​ ഭീഷണിപ്പെടുത്തി, സമാനമായ അനുഭവങ്ങൾ മുമ്പും -സ്റ്റീഫൻ​

തിരുവനന്തപുരം: ബിവറേജിൽനിന്ന്​ വാങ്ങിയ മദ്യത്തിന്​ ബില്ലില്ലെന്ന്​ കാണിച്ച്​ പൊലീസ്​ മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി സ്വീഡിഷ്​ പൗരൻ സ്റ്റീഫൻ. സംഭവത്തിൽ വളരെ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇതിനോടകം താൻ ഒരുപാട് അനുഭവിച്ചതായും സ്റ്റീഫൻ​ പറഞ്ഞു. നാലു വർഷമായി കോവളത്ത്​ ഹോം സ്റ്റേ നടത്തുകയാണ്​ ഇദ്ദേഹം.

മൂന്ന് കുപ്പി മദ്യം തന്‍റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാൽ പൊലീസ് മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. ബില്ല് ഇല്ലെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്ലാസ്റ്റിക് ബോട്ടിലുകൾ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊണ്ടുകൊടുത്തതെന്നും സ്റ്റീഫന്‍ പറഞ്ഞു.

താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് വാങ്ങിവരുന്ന വഴിയാണ് സ്റ്റീഫന്‍റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം. പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്‍റെ ബില്ല് ചോദിക്കുകയായിരുന്നു. കടയിൽ നിന്ന് ബിൽ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു.

മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്‍റെ മറുപടി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പൊലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട്​ തേടിയുന്നു. പൊലീസ്​ അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗ്രേഡ്​ എസ്​.ഐ ഷാജിയെ സസ്​പെൻഡ്​ ചെയ്യുകയും ചെയ്തു.

മദ്യം ഒഴിപ്പിച്ച നടപടിക്കെതിരെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ രംഗത്തുവന്നിരുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - Police threatened to file a criminal case, similar experiences before -Stephen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.