നെടുങ്കണ്ടം: വ്യാപാരസ്ഥാപനത്തിലെ പെട്ടിയിൽനിന്ന് പണം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ. പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ല വൈസ് പ്രസിഡന്റ് കൂടിയായ സിവിൽ പൊലീസ് ഓഫിസർ സാഗർ പി. മധുവിനെയാണ് ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ അന്വേഷത്തിനും ഉത്തരവുണ്ട്.
കഴിഞ്ഞ 24ന് പാമ്പനാർ ടൗണിലെ വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽനിന്ന് 1000 രൂപ മോഷ്ടിച്ച സാഗറിനെ കടയുടമ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ തടഞ്ഞുവെച്ചതോടെ 40,000 രൂപ നഷ്ടപരിഹാരം നൽകാമെന്ന് അറിയിക്കുകയും 5000 രൂപ രൊക്കം നൽകി തടിയൂരുകയും ചെയ്തു. ഉന്നതതലത്തിൽ ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവം കഴിഞ്ഞ തിങ്കളാഴ്ച 'മാധ്യമം' പുറത്തുകൊണ്ടുവന്നതോടെ സ്പെഷൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
തുടർന്ന്, പെരിയാറിൽ ശബരിമല മെസിന്റെ സ്പെഷൽ ഡ്യൂട്ടിയിലായിരുന്ന സാഗറിനെ ഇടുക്കി എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്പെഷൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ സാഗർ കുട്ടിക്കാനത്തെ കടയിൽനിന്ന് പണം മോഷ്ടിച്ചതായും പൊലീസ് വെരിഫിക്കേഷന്റെ പേരിൽ പലരിൽനിന്നും ഗൂഗിൾ പേ വഴി 500 രൂപ വീതം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
സ്പെഷൽ ബ്രാഞ്ച് കഴിഞ്ഞ ദിവസം പാമ്പനാറ്റിലെ കടയുടമയുടെ മൊഴി എടുത്തിരുന്നു. പീരുമേട് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സാഗർ ഒരിക്കൽ പാമ്പനാറ്റിലെ കടയിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തതോടെയാണ് ഇവിടുത്തെ പതിവ് സന്ദർശകനായത്.
പലപ്പോഴും കടയുടമയിൽനിന്ന് പടിവാങ്ങുന്നതിന് പുറമെ പണപ്പെട്ടിയിൽനിന്ന് മോഷണവും നടത്തി. പൊലീസുകാരൻ വന്നുപോകുമ്പോൾ പണപ്പെട്ടിയിൽ പണം കുറയുന്നതായി ശ്രദ്ധയിൽപെട്ടതോടെ കടയുടമ നിരീക്ഷിക്കാൻ തുടങ്ങി. കഴിഞ്ഞ 24ന് കടയിലെത്തിയ ഇയാൾ ആവശ്യപ്പെട്ടത് പ്രകാരം കടയുടമ നാരങ്ങവെള്ളം എടുക്കുന്നതിനിടെ പണപ്പെട്ടിയിൽനിന്ന് 1000 രൂപ എടുക്കുകയും കൈയോടെ പിടിയിലാകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.