തിരുവനന്തപുരം: കുറ്റകൃത്യങ്ങളിലും കേസിലും ഉൾപ്പെട്ടവരെ സ്ഥാനാർഥിയാക്കുന്നതിനു മുമ്പ് ഇനി രാഷ്ട്രീയ പാർട്ടികൾ പലകുറി ചിന്തിക്കും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുതൽ കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉൾപ്പെട്ട സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നതെങ്കിൽ എന്തുകൊണ്ട് കേസുകളില്ലാത്ത മറ്റൊരു സ്ഥാനാർഥിയെ കണ്ടുപിടിക്കാനായില്ലെന്ന വിശദീകരണം കൂടി അവരെ മത്സരിപ്പിക്കുന്ന രാഷ്ട്രീയകക്ഷികൾ നൽകേണ്ടിവരും. അതിനാലാണ് ഇത്തരത്തിലൊരു ചിന്തയിലേക്ക് രാഷ്ട്രീയ പാർട്ടികൾ പോകുക. സാധാരണഗതിയിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനൊപ്പം സ്ഥാനാർഥി തെൻറ പേരിലുള്ള കുറ്റകൃത്യങ്ങളുടെയും കേസുകളുടെയും വിവരങ്ങൾ സമർപ്പിക്കണമെന്നാണ് നിബന്ധന.
എന്നാൽ, ഇൗ ഉത്തരവാദിത്തം സ്ഥാനാർഥിക്ക് മാത്രമല്ല രാഷ്ട്രീയ പാർട്ടികൾക്കും കൂടി ബാധകമാക്കുന്നതാണ് പുതിയ തീരുമാനം. അതിനാൽ കേസുകളൊന്നുമില്ലാത്ത ആളെ കണ്ടെത്താൻ സാധിക്കാത്തതിെൻറ കാരണം പാർട്ടികൾക്ക് വിശദീകരിക്കേണ്ടിവരും. മിക്ക സ്ഥാനാർഥികൾക്കുമെതിരെ സാധാരണ ഗതിയിൽ സമരങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളാകും കൂടുതലായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടാകുക. എന്നാൽ, അല്ലാത്ത ചിലരും സ്ഥാനാർഥികളായി വരാറുള്ള സാഹചര്യങ്ങളുമുണ്ട്. ആ സാഹചര്യം കൂടി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇൗ പുതിയ നീക്കം. അതിനാൽ സ്ഥാനാർഥി നിർണയത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൂടുതൽ കരുതലുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ വിലയിരുത്തൽ.
കഴിഞ്ഞതവണത്തെപോലെ സ്ഥാനാർഥികൾ തങ്ങൾ പ്രതിയായിട്ടുള്ള കേസുകളും കുറ്റകൃത്യങ്ങളും കൃത്യമായി സമർപ്പിക്കുന്നതിനു പുറമെ, ഇക്കാര്യങ്ങൾ മൂന്നുതവണ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനൊപ്പംതന്നെ രാഷ്ട്രീയ പാർട്ടികളുടെ വിശദീകരണവും സമർപ്പിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.