പൊന്നാനി: ‘കടലിൽനിന്ന് പിടിച്ച മത്സ്യങ്ങൾ വലയിൽനിന്ന് വേർപെടുത്തുന്ന തിരക്കിലായിരുന്നു ഞങ്ങൾ. പണി കഴിഞ്ഞ് ബോട്ട് നങ്കൂരമിടാനുള്ള ഒരുക്കത്തിലായിരുന്നു. പൊടുന്നനെയാണ് മുന്നിലൊരു കപ്പൽ എത്തിയതായി കണ്ടത്. ബോട്ടിൽ ഇടിക്കാതെ കപ്പൽ കടന്നുപോകുമെന്നാണ് കരുതിയത്. കപ്പൽ അടുക്കുന്തോറും ലൈറ്റടിച്ചും ബഹളംവെച്ചും ശ്രദ്ധയാകർഷിച്ചെങ്കിലും എല്ലാം വിഫലമായി. ഭീകര ശബ്ദത്തോടെ കപ്പൽ ബോട്ടിന്റെ മധ്യഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയിൽ ബോട്ട് രണ്ടായി പിളർന്നു. എൻജിൻ ഭാഗം കടലിലേക്ക് താഴ്ന്നു.
താഴെ ഉൾഭാഗത്ത് തെർമോകോൾ ഉണ്ടായിരുന്നതിനാൽ മുൻഭാഗം പൊങ്ങിനിന്നു. ജീവൻ കൈയിൽപിടിച്ച് മരക്കഷണങ്ങളിലും മറ്റും രണ്ടു മണിക്കൂർ രക്ഷക്കായി കാത്തിരുന്നു. ഇതിനിടെ നിരവധി ബോട്ടുകൾ ഇതുവഴി കടന്നുപോയെങ്കിലും ആരും രക്ഷക്കെത്തിയില്ല. ഒടുവിൽ ഇടിച്ച കപ്പൽ അടുത്തേക്ക് വരുന്നതാണ് കണ്ടത്. അപകടശേഷം കപ്പൽ 200 മീറ്റർ അകലെ പോയാണ് നിന്നത്. പിന്നീട് ബോട്ടിനടുത്തേക്ക് കപ്പൽ തിരിച്ചുവന്നു.
ബഹളംവെച്ചും ചൂളമടിച്ചും ശ്രദ്ധയാകർഷിച്ചതോടെ കപ്പലെത്തി തങ്ങളെ രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സയും വെള്ളവും വസ്ത്രവും കപ്പലിലുണ്ടായിരുന്നവർ തന്നു. അപകടസമയം കടലിലെ കാലാവസ്ഥ സാധാരണഗതിയിലായിരുന്നു. എന്നാൽ, രക്ഷപ്പെട്ട് കപ്പലിൽ കയറിയതോടെ മഴയും കാറ്റും വന്നു. കപ്പൽ തിരിച്ചുവന്നിരുന്നില്ലെങ്കിൽ ഞങ്ങൾ എല്ലാവരും മരിക്കുമായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്’ -രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി പറയുന്നു.
ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ കടന്നുപോയ തൊഴിലാളിയുടെ കണ്ണുകളിൽ നിഴലിച്ചത് മരണത്തെ മുഖാമുഖം കണ്ട ഭീതി. ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെ ജീവൻ പൊലിഞ്ഞത് ഇവരുടെ കൺമുന്നിലാണ്. രക്ഷപ്പെട്ടവരെ ചാവക്കാട്ടുനിന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ലക്ഷദ്വീപിലേക്ക് പോകുന്നതിന് മുന്നോടിയായി കൊച്ചിയിൽനിന്ന് ചരക്കെടുക്കാനായി കോഴിക്കോട്ടേക്കു വരുകയായിരുന്നു ‘സാഗർ യുവരാജ്’ കപ്പൽ. കോഴിക്കോട്ടേക്കായതിനാൽ കപ്പൽച്ചാലിന് അധികം ഉള്ളിലേക്ക് നീങ്ങാതെ മത്സ്യബന്ധന ബോട്ടുകളുള്ള മേഖലയിലൂടെ കപ്പൽ പോയതാവാം അപകടത്തിന് കാരണമായതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
തങ്ങൾ കപ്പൽച്ചാലിൽ അല്ലായിരുന്നെന്നും സാധാരണ മീൻ പിടിക്കുന്ന മേഖലയിലായിരുന്നുവെന്നും അപകടത്തിൽപെട്ട തൊഴിലാളികൾ പറയുന്നു. അതിനാൽ കപ്പലിന്റെ സഞ്ചാരപാതയിലുണ്ടായ പിഴവാണോ ദുരന്തത്തിലേക്ക് നയിച്ചത് എന്ന സംശയമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.