തൃശൂര്‍: തൃശൂർ പൂരത്തിന് പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് വെടിക്കെട്ട് നടത്തണമെന്നും കാണികളെ ഫയര്‍ ലൈനില്‍നിന്ന് 100 മീറ്റര്‍ അകലെ ബാരിക്കേഡ് നിര്‍മിച്ച് സുരക്ഷിതമായി നിര്‍ത്തണമെന്നും ഒരുക്കം വിലയിരുത്താൻ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കളും ഉപയോഗിക്കരുത്. അനുഭവ ജ്ഞാനമുള്ളവരെ മാത്രം വെടിക്കെട്ടിന് നിയോഗിക്കണമെന്നും യോഗം നിർദേശിച്ചു. ഏപ്രിൽ 19, 20 തീയതികളിലാണ് പൂരം.
ക്രമസമാധാന പാലനത്തിന് അയല്‍ ജില്ലകളില്‍നിന്നുള്‍പ്പെടെ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കും. പൂര ദിവസങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം ഏര്‍പ്പെടുത്തും. പൂരപ്പറമ്പില്‍ ഹെലികാം/ ഡ്രോണ്‍ അനുവദിക്കില്ല. പൊലീസ് കണ്ട്രോള് റൂമും മിനി പൊലീസ് ഫെസിലിറ്റേഷന്‍ എയ്ഡും സജ്ജമാക്കും.
പൂരം ദിവസങ്ങള്‍ക്ക് മുന്നോടിയായി നാട്ടാന പരിപാലനം പ്രകാരം സമയബന്ധിതമായി ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തണം. ജില്ല മൃഗസംരക്ഷണ വകുപ്പിനും വെറ്ററിനറി വിഭാഗത്തിനുമാണ് ചുമതല.
കൃത്യമായ ആന പരിപാലന പദ്ധതി തയാറാക്കാനും എലിഫെന്റ് സ്ക്വാഡ് രൂപവത്കരിക്കാനും നിര്‍ദേശം നല്കി. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കാൻ തൃശൂര്‍ കോര്പറേഷന്, കൊച്ചിന് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി. പൂരപ്പറമ്പില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ മാറ്റി സംരക്ഷിക്കും.
മാലിന്യശേഖരണത്തിന് അധിക ബിന്നുകള്‍ സ്ഥാപിക്കും. പൂരപ്പറമ്പിലെ കുഴികളും മറ്റും അടച്ച് നിരപ്പാക്കും.
വേനല്‍ കനക്കുന്ന പശ്ചാത്തലത്തില്‍ സൂര്യാഘാതം, നിര്‍ജലീകരണം, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യ സംഘത്തെ ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നിയോഗിക്കും. ആവശ്യമായ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സൗകര്യം സജ്ജമാക്കും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും മായം പരിശോധിക്കാനും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കും. തേക്കിന്‍കാട് മൈതാനിയിലെ ഫയര്‍ ഹൈഡ്രന്റ് പ്രവര്‍ത്തനം സംബന്ധിച്ച് ജില്ല ഫയര്‍ ഓഫിസര്‍ക്കും മണ്ണെണ്ണ, പെട്രോള്‍ പമ്പുകള്‍ കാലിയാക്കി അടച്ചിടാൻ ജില്ല സപ്ലൈ ഓഫിസര്‍ക്കും നിര്‍ദേശം നല്കി. പൂര്‍ണമായും ഹരിതച്ചട്ടം പാലിക്കും. ആവശ്യത്തിന് ഇ-ടോയ്ലറ്റുകള് ഒരുക്കും.
കലക്ടർ വി.ആർ. കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് എക്സിക്യൂട്ടിവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന്, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്ശന് എന്നിവരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതര്‍ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥര്രും പങ്കെടുത്തു.
തൃശൂർ: മുൻവർഷങ്ങളിലേതുപോലെ തൃശൂർ പൂരത്തിന് വിപുലമായ ട്രെയിൻ യാത്രാസൗകര്യം ഒരുക്കണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടു. പൂരത്തിരക്ക് കൈകാര്യം ചെയ്യാൻ തൃശൂർ, പൂങ്കുന്നം സ്റ്റേഷനുകളിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ ഉൾപ്പടെ യാത്രികർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഏർപ്പെടുത്തിയും കുടിവെള്ളം, സുരക്ഷ, ആവശ്യത്തിന് വെളിച്ചം എന്നിവ ലഭ്യമാക്കിയും യാത്രികർക്ക് വിവരങ്ങൾ നൽകാൻ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചും യാത്ര സുഗമമാക്കണം.
യാത്രക്കാരുടെ സൗകര്യാർഥം ചില ട്രെയിനുകൾക്ക് പൂങ്കുന്നത്ത് താൽകാലിക സ്റ്റോപ്പ് അനുവദിക്കണമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാറും തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർക്ക് നൽകിയ നിവേദനങ്ങളിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.