കോന്നി: പോപുലർ ഫിനാൻസ് നിക്ഷേപകർക്ക് പണം മടക്കി നൽകുന്നില്ലെന്ന പരാതിയുമായി കോന്നി പൊലീസ് സ്റ്റേഷനിലേക്ക് നിക്ഷേപകരുടെ പ്രവാഹം. ദിവസവും നൂറിലേറെ പേരാണ് എത്തുന്നത്.
പോപുലർ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തതിൽ നൂറിലധികം നിക്ഷേപകരുടെ മൊഴികൾ രേഖപ്പെടുത്തി.
1976ൽ വകയാർ ആസ്ഥാനമായാണ് പോപുലർ ഫിനാൻസ് എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. നിലവിൽ കോന്നി പൊലീസിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 10 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും പരാതികൾ എത്തുന്നുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ ഏകദേശം 400 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം.
എന്നാൽ, റിസർവ് ബാങ്കിെൻറ അംഗീകാരം നിക്ഷേപം സ്വീകരിക്കാൻ ഇല്ലാത്തതിനാൽ അഞ്ചുലക്ഷം മുതൽ ഒന്നരക്കോടി വരെ നിക്ഷേപം നൽകിയവർക്ക് പോപുലർ ഫിനാൻസിെൻറ ഒരുവിധ രേഖകളും നൽകാതെ ഇവരുടെ വിവിധ പേരുകൾ ഉള്ള മറ്റ് സ്ഥാപനങ്ങളുടെ ഷെയറുകളിലേക്ക് പണം നിക്ഷേപിച്ചതിെൻറ രേഖകളായും സംഭാവനകളായും സ്വീകരിച്ച രശീതികൾ നൽകിയാണ് കോടികളുടെ തട്ടിപ്പുകൾ നടത്തിയത്.
അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് തുക എങ്ങനെ തിരികെ ലഭിക്കുമെന്ന് വലിയ ആശങ്കയുണ്ട്. നിലവിൽ സാമ്പത്തിക തട്ടിപ്പ് കേരളത്തിനകത്തും പുറത്തും നടന്നിട്ടുള്ളതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചോ സി.ബി.ഐയോ ഏറ്റെടുക്കാനുള്ള ബാധ്യത ഏറെയാണ്.
കേരളത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകൾ ഉള്ള പോപുലർ ഫിനാൻസിെൻറ തട്ടിപ്പ് പുറംലോകം അറിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ.
കോന്നി: കഴിഞ്ഞ 20 വർഷത്തിനുള്ളിൽ കോന്നിയിൽനിന്ന് കോടികളുമായി കടന്നത് നിരവധി ധനകാര്യ സ്ഥാപനങ്ങൾ. ഏറ്റവും ഒടുവിലത്തേതാണ് പോപുലർ ഫിനാൻസ്.
ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തി സാധാരണക്കാരനെ വഴിയാധാരമാക്കിയശേഷം പാപ്പരെന്നുപറഞ്ഞ് കറങ്ങി നടക്കുന്ന നിരവധിപേർ കോന്നിയിലുണ്ട്. പെൻഷൻ പറ്റുമ്പോഴും വസ്തു വിറ്റുകിട്ടുമ്പോഴും അല്ലാതെയുള്ള ചെറുതും വലുതുമായ തുകകൾ സ്വരുക്കൂട്ടി മകളുടെ കല്യാണത്തിനോ വീടുനിർമാണ സമയത്തോ നല്ലൊരു തുക തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പലരും തങ്ങളുടെ സമ്പത്ത് മുഴുവനും ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത്.
പണം തിരികെ ലഭിക്കാതെ വരുമ്പോൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലെത്തും. തട്ടിപ്പുകൾ നടത്തി കോടികൾ കൊണ്ട് മുങ്ങിയിട്ടും പുതിയ സ്ഥാപനങ്ങൾ കൂണുപോലെ മുളക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.