ബി.ജെ.പി പദയാത്രയിലെ പോസ്റ്റർ: എസ്.സി-എസ്.ടി വിഭാഗത്തെ അവഹേളിക്കുന്നതിന് തുല്യമെന്ന് കെ. മുരളീധരൻ

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എസ്.സി-എസ്.ടി വിഭാങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് കേരള പദയാത്രയുടെ നോട്ടീസിൽ അച്ചടിച്ചതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കെ. സുരേന്ദ്രൻ എസ്.സി-എസ്.ടി വിഭാങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് പ്രചാരണം നടത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമെന്ന് മുരളീധരൻ പ്രതികരിച്ചു.

ജാതിയുടെയും മതത്തിന്‍റെയും പേരിൽ ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് ശരിയല്ല. അവരോട് കാണിക്കുന്ന അവഹേളനമാണിത്. ആരുമായി കാണുകയും സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. അത്തരമൊരു സംസ്കാരം ശരിയല്ല. എന്നാൽ, അവരുടെ പരാതി സ്വീകരിക്കുന്നതിലും തെറ്റില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഭാഗമായി കോഴിക്കോട്ടെ പരിപാടി വിശദീകരിച്ച് പുറത്തിറക്കിയ പോസ്റ്ററിലാണ് വിവാദ പരാമർശമുള്ളത്. 'ഉച്ചഭക്ഷണം എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്' എന്നാണ് പോസ്റ്ററിൽ അച്ചടിച്ചിരുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഈ പോസ്റ്റർ വ്യാപകമായി പ്രചരിക്കുകയും രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. ദലിത് നേതാക്കളെ അംഗീകരിക്കാൻ ബി.ജെ.പിക്ക് വിമുഖതയുണ്ടെന്ന തരത്തിലായിരുന്നു പോസ്റ്ററിനെതിരായ വിമർശനം.

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ കേന്ദ്ര സർക്കാറിനെതിരായ വരികളും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. 'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കൂ കൂട്ടരെ...' എന്നാണ് ഗാനത്തിലെ വരികളിലുള്ളത്. വിഡിയോ തയാറാക്കിയ ഐ.ടി സെല്ലിനെതിരെ പദയാത്ര അവലോകന യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

ഇതിന് പിന്നാലെ ബി.ജെ.പി കേരളം എന്ന ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിഡിയോയും പോസ്റ്ററും നീക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകി. പദയാത്രകളിലും വേദികളിലും വിവാദ ഗാനം കേൾപ്പിക്കരുതെന്നും ബി.ജെ.പി നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ആണ് വിഡിയോയിൽ പരിഹാസവുമായി ആദ്യം രംഗത്തെത്തിയത്. 'ആദ്യമായാണ് സുരേന്ദ്രന്‍റെ പരിപാടിയിൽ നിന്ന് ഒരു സത്യം കേൾക്കുന്നതെന്നാണ്' ഫിറോസ് ഗാനം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്. 

Tags:    
News Summary - Poster at BJP Padayatra: K Muraleedharan says it is tantamount to insulting SC-ST category

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.