തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിൽ നേതൃത്വത്തിനെതിരെ വിമർശനം. അതേസമയം കെ. മുരളീധരനെയും കെ. സുധാകരനെയും അനുകൂലിച്ചും നിരവധി നേതാക്കളെ എതിർത്തും തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും ഉൾപ്പെടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
തൃശൂർ നഗരത്തിൽ കെ. മുരളീധരനെ അനുകൂലിച്ചാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. 'മുരളീധരനെ വിളിക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ' എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും പേരിലാണ് പോസ്റ്ററുകൾ.
കൊല്ലത്ത് കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണക്കെതിരായി പോസ്റ്ററുകൾ പതിച്ചിരുന്നു. ഡി.സി.സി, ആർ.എസ്.പി ഓഫിസിന് മുമ്പിലാണ് പോസ്റ്ററുകൾ ഉയർന്നത്. സേവ് കോൺഗ്രസ് എന്ന പേരിലായിരുന്നു പോസ്റ്റർ. ബിന്ദു കൃഷ്ണ സ്ഥാനാർഥി നിർണയത്തിൽ പണം വാങ്ങിയെന്നും അവരെ പുറത്താക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം.
കെ. സുധാകരനെ വിളിക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള ഫ്ലക്സുകളും കെ.പി.സി.സി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്നാണ് ആവശ്യം.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിയെ സജീവമാക്കണമെന്നാണ് മുന്നണി പ്രവർത്തകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.