തിരുവനന്തപുരം: മലപ്പുറത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പ്രഖ്യാപിച്ച നടപടികളുടെ മെല്ലെപ്പോക്കിൽ കെ.എസ്ഇ.ബിയെ വിമർശിച്ച് റെഗുലേറ്ററി കമീഷൻ. പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെ വീഴ്ചകൾ കമീഷൻ ചൂണ്ടിക്കാട്ടി. മലപ്പുറത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന തെളിവെടുപ്പിലാണ് പരാമർശങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമടക്കം ചൂണ്ടിക്കാട്ടി സബ് സ്റ്റേഷൻ നിർമാണം വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് കമീഷൻ വ്യക്തമാക്കി. എച്ച്.ടി അപേക്ഷകർക്ക് വൈദ്യുതി കണക്ഷൻ നൽകാത്തതുമൂലം മലപ്പുറം മേഖലയിൽ തുടങ്ങേണ്ട സംരംഭങ്ങൾ കോയമ്പത്തൂരിലേക്കും മറ്റും പോകുന്ന അവസ്ഥയുണ്ടെന്ന് കമീഷൻ ചെയർമാൻ ടി.കെ. ജോസ് ചൂണ്ടിക്കാട്ടി. പ്രവാസികളടക്കം നിക്ഷേപത്തിന് തയാറായി വരുമ്പോൾ വൈദ്യുതി നൽകാനാവാത്തത് പ്രതിസന്ധിയാണ്. കെ.എസ്.ഇ.ബിക്ക് വൈദ്യുതി നൽകാനായില്ലെങ്കിൽ സ്വകാര്യമേഖല കടന്നുവന്നേക്കാം. കെ.എസ്.ഇ.ബി പ്രവർത്തനം മെച്ചപ്പെടുത്തിയേ കഴിയൂ- ചെയർമാൻ ഓർമിപ്പിച്ചു. മലപ്പുറത്തെ വൈദ്യുതി വിതരണ രംഗത്തെ വികസന പ്രവർത്തനങ്ങൾക്ക് എം.പിമാരടക്കമുള്ള ജനപ്രതിനിധികളുടെ സഹായം തേടണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.