കോഴിക്കോട്: അവശതയനുഭവിക്കുന്ന കായികതാരങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്ത പലർക്കും പണം ചെലവഴിച്ചതിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കായികവകുപ്പിന്‍റെ കത്ത്. കായികതാരങ്ങൾക്കുള്ള ധനസഹായം മറ്റാരെങ്കിലും അപഹരിച്ചോയെന്ന് പരിശോധിക്കണമെന്ന് മുൻ അത്‌ലറ്റും പരിശീലകനുമായ പ്രമോദ് കുന്നുപുറത്ത് ആവശ്യപ്പെട്ടു.
കായികതാരങ്ങൾക്ക് 7500 രൂപ മുതൽ 10,000 രൂപ വരെ താൽക്കാലിക ധനസഹായം നൽകാൻ സർക്കാർ 2021ൽ തീരുമാനിച്ചിരുന്നു. എന്നാൽ, പണം ലഭിക്കാത്തവർക്കും അപേക്ഷ പോലും നൽകാത്തവർക്കും, ലഭിച്ച പണം എങ്ങനെയാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കാൻ സർക്കാറിൽ നിന്ന് കത്ത് വന്നിരിക്കുകയാണെന്ന് പ്രമോദ് കുന്നുപുറത്ത് ചൂണ്ടിക്കാട്ടുന്നു.
അപേക്ഷ പോലും സമർപ്പിക്കാത്തവരുടെ പേരിലും ബാങ്കിൽ അക്കൗണ്ട് പോലുമില്ലാത്തവരുടെ പേരിലും മറ്റാരെങ്കിലും പണം അപഹരിച്ചോ എന്ന് പരിശോധിക്കണം. അപേക്ഷ പോലും സമർപ്പിക്കാത്ത അനുഗ്രഹ എന്ന കായികതാരത്തിന് അടിയന്തരമായി വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് കാട്ടിയാണ് കത്ത് വന്നത്. മറ്റൊരു താരമായ ആകാശിനും ഇതേ അനുഭവം തന്നെ. ലഭിക്കാത്ത പൈസയുടെ കണക്ക് എങ്ങനെ ബോധിപ്പിക്കുവാൻ കഴിയും എന്നുള്ള ചിന്തയിലാണ് കുട്ടികൾ.
നാടിനു വേണ്ടി വിയർപ്പൊഴുക്കിക്കളിച്ച് മെഡലുകൾ കൊയ്ത താരങ്ങളുടെ 7500 രൂപയിൽ കയ്യിട്ടു വാരിയിട്ടുണ്ടെങ്കിൽ ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാനിറങ്ങുന്നതായിരുന്നു -പ്രമോദ് കുന്നുപുറത്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
മഹാകഷ്ടം എന്നല്ലാതെ എന്തു പറയുവാനാണ്. താരങ്ങളുടെ പിച്ചച്ചട്ടിയിലും കയ്യിട്ടു വാരണോ?
അവശതഅനുഭവിക്കുന്ന കായികതാരങ്ങൾക്ക് 7500 രൂപ മുതൽ 10000 രൂപ വരെ താൽക്കാലിക ധനസഹായം നൽകുവാൻ സർക്കാർ 2021ൽ തീരുമാനിച്ചിരുന്നു. ഇതിന്‍റെ മറവിൽ നടന്നിരിക്കുന്നത് സർക്കാർ തന്നെ ഒന്ന് അന്വേഷിക്കണം.
അപേക്ഷ പോലും സമർപ്പിക്കാത്തവരുടെ പേരിലും, ബാങ്കിൽ അക്കൗണ്ട് പോലുമില്ലാത്തവരുടെ പേരിലും പണം അപഹരിച്ചോ എന്ന് പരിശോധിക്കണം. 38 കായികതാരങ്ങളിൽ പലർക്കും പണം ലഭിച്ചിട്ടില്ല. അപേക്ഷ പോലും സമർപ്പിക്കാത്ത അനുഗ്രഹക്കും ഇന്നലെ ഒരു ലെറ്റർ വന്നു, കായിക യുവജന കാര്യാലയത്തിൽ നിന്നും.
താങ്കൾക്ക് ലഭിച്ച പൈസ എങ്ങനെയാണ് വിനിയോഗിച്ചതെന്ന് അടിയന്തരമായി വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കണം പോലും. മറ്റൊരു താരമായആകാശിനും ഇതേ അനുഭവം തന്നെ. ലഭിക്കാത്ത പൈസയുടെ കണക്ക് എങ്ങനെ ബോധിപ്പിക്കുവാൻ കഴിയും എന്നുള്ള ചിന്തയിലാണ് കുട്ടികൾ.
ലക്ഷങ്ങൾ മുടക്കി ക്യൂബൻ ചെസ്സ് താരങ്ങൾക്ക് പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യത്തോടു കൂടി പ്രോത്സാഹനങ്ങൾ ഒരുക്കി നൽകുമ്പോൾ, ഈ നാടിനു വേണ്ടി വിയർപ്പൊഴുക്കിക്കളിച്ച് മെഡലുകൾ കൊയ്ത അവശതയനുഭവിക്കുന്ന താരങ്ങളുടെ 7500 രൂപയിൽ കയ്യിട്ടു വാരിയിട്ടുണ്ടെങ്കിൽ ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാനിറങ്ങുന്നതായിരുന്നു. കഷ്ടം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.