പ്രവാസി ഭാരതീയ ദിവസ് : നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ ഇൻഡോറിലെത്തി

തിരുവനന്തപുരം :പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി. ബൃല്യൻ കൺവെൻഷൻ സെന്ററിൽ ജനുവരി 8 മുതല്‍ 10 വരെയാണ് പരിപാടി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളിൽ പങ്കെടുക്കും.

കേരളത്തിലേതടക്കമുള്ള പ്രവാസി ഇന്ത്യാക്കാരുടെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പ്രായോഗിക നടപടികൾ സ്വീകരിക്കാനും കൺവെൻഷൻ ഉപകരിക്കും. ഇതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സമാന്തര സമ്മേളനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമം ഉറപ്പാക്കുന്നതിൽ രാജ്യത്തിന് തന്നെ മാതൃകയാണ് നോർക്ക റൂട്ട്സ്.

മൂന്ന് ദിവസം നടക്കുന്ന ചർച്ചകളിൽ ഒരുത്തിരിഞ്ഞു വരുന്ന നവീന ആശയങ്ങളും നിർദ്ദേശങ്ങളും നോർക്കയുടെ ഭാവി പ്രവർത്തനങ്ങളിൽ ഉൾച്ചേർക്കാനും പ്രവാസി മലയാളികൾക്ക് കൂടുതൽ ഉപകാരപ്രദമാക്കുന്നതിനും സഹായിക്കുമെന്ന് കരുതുന്നു. പ്രവാസി ദിനമായ ഇന്ന് നോര്‍ക്ക റൂട്ട്‌സിന്റെ പ്രധാന നേട്ടങ്ങള്‍ വിശദീകരിക്കുന്ന കലണ്ടറും, നോര്‍ക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനവും നടക്കും.

1915 ജനുവരി ഒമ്പതിന് മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയില്‍ നിന്നും തിരികെയെത്തിയതിന്റെ സ്മരണാർഥമാണ് പ്രവാസി ഭാരതീയ ദിവസായി ആചരിക്കുന്നത്. പ്രവാസി ഭാരതീയരുടെ പൊതുവേദിയായി 2003 മുതല്‍ ചേരുന്ന കണ്‍വെന്‍ഷന്‍ 2015 മുതല്‍ രണ്ടുവര്‍ഷത്തിലൊരിക്കലാക്കി. കഴിഞ്ഞ സമ്മേളനം കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് ഓണ്‍ലൈന്‍ ആയാണ് സമ്മേളിച്ചത്.

Tags:    
News Summary - Pravasi Bharatiya Divas: Norca Roots representatives reached Indore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.