തൊടുപുഴ: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷക്ക് ഭീഷണി ഉയർത്തുന്ന സംഭവങ്ങൾ അടിക്കടി ആവർത്തിക്കുമ്പോഴും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികളിലും മായം കലർത്തി അധികൃതർ.പരിശോധനഫലം കിട്ടുന്നതിലെ കാലതാമസവും മുൻകൂട്ടി അറിയിച്ച് നടത്തുന്ന പരിശോധന വഴിപാടുകളും ഉദ്യോഗസ്ഥരും ചില ഹോട്ടൽ ഉടമകളും തമ്മിലെ കൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലം ഭക്ഷ്യസുരക്ഷ വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപകാല സംഭവങ്ങളിൽ വകുപ്പിലെതന്നെ പല ജീവനക്കാരും അസംതൃപ്തിയിലുമാണ്.കൃത്യമായ പരിശോധനകൾ നടക്കുന്നില്ല എന്നതും നടക്കുന്നതുതന്നെ വഴിപാടാകുന്നു എന്നതുമാണ് പ്രധാന ആക്ഷേപം. പരിശോധനക്ക് വേണ്ടത്ര ഭക്ഷ്യസുരക്ഷ ഓഫിസർമാരില്ല എന്നതാണ് മുമ്പ് വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, നിലവിൽ 140 ഭക്ഷ്യസുരക്ഷ സർക്കിളുകളിലും ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.
എന്തെങ്കിലും സംഭവങ്ങളുണ്ടാകുമ്പോൾ നാമമാത്ര പരിശോധന നടത്തുകയും ഏതാനും സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയുമാണ് പതിവ്. നടപടിക്ക് വിധേയമാകുന്ന സ്ഥാപനങ്ങൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും തുറക്കുകയും ചെയ്യും. തലസ്ഥാന നഗരത്തിലെ ഒരു ഹോട്ടലിൽ 10 വർഷത്തിനിടെ നിരവധി തവണ നിയമലംഘനം കണ്ടെത്തിയിട്ടും കരിമ്പട്ടികയിൽപെടുത്താനോ പ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കാനോ കഴിഞ്ഞിട്ടില്ല.
‘ഓപറേഷൻ ഹോളിഡേ’ എന്ന പേരിൽ അടുത്ത ദിവസങ്ങളിൽ നടന്ന പരിശോധനയെക്കുറിച്ച് പല പ്രമുഖ ഹോട്ടലുകൾക്കും മുൻകൂട്ടി വിവരം ലഭിച്ചതായാണ് സൂചന. 43 സ്ഥാപനങ്ങളാണ് അടപ്പിച്ചത്. പഴുതടച്ച പരിശോധനയായിരുന്നെങ്കിൽ കൂടുതൽ നിയമലംഘനം കണ്ടെത്താനാകുമായിരുന്നെന്ന് വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർതന്നെ പറയുന്നു.
ഭക്ഷ്യസുരക്ഷ ലാബുകളിൽ എത്തുന്ന സാമ്പിളുകളുടെ പരിശോധന 10 ദിവസത്തിനകം പൂർത്തിയാകുമെങ്കിലും ഫലം പുറത്തുവരാൻ പിന്നെയും ഒരുമാസത്തിലധികം എടുക്കുന്ന സാഹചര്യമാണ്. പരിശോധനഫലം ടൈപ് ചെയ്ത് നൽകാൻ വേണ്ടത്ര ജീവനക്കാരില്ലാത്തതാണത്രേ കാരണം. ഫലം വൈകുന്നത് മൂലം കുറ്റക്കാർക്കെതിരെ യഥാസമയം നടപടിയെടുക്കാൻ കഴിയുന്നില്ല.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കും വ്യാപാരികൾക്കുമിടയിൽ മതിയായ ബോധവത്കരണവും നടക്കുന്നില്ല. ബോധവത്കരണ പദ്ധതിക്ക് 2019-21 കാലയളവിൽ ദേശീയ ആരോഗ്യമിഷൻ 41.50 ലക്ഷം രൂപ അനുവദിച്ചെങ്കിലും 10.32 ലക്ഷം മാത്രമാണ് ചെലവഴിച്ചതെന്ന് സി.എ.ജി റിപ്പോർട്ടിലുണ്ടായിരുന്നു. ഈ ആവശ്യത്തിന് കേന്ദ്രം അനുവദിച്ച 63.65 ലക്ഷത്തിൽ ഒരു പൈസപോലും ചെലവഴിച്ചുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.