തിരുവനന്തപുരം: പ്രീ സ്കൂളുകളും അങ്കണവാടികളും കുഞ്ഞുങ്ങൾക്ക് തടവറയായി മാറുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.സി.ഇ.ആര്.ടി സംഘടിപ്പിച്ച ‘പ്രീ സ്കൂള്‍ വിദ്യാഭ്യാസവും കുട്ടികളുടെ സംരക്ഷണവും’ സംബന്ധിച്ച ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ പ്രീ സ്കൂളുകളിൽ വലിയ ചൂഷണം നടക്കുന്നുണ്ട്. അഞ്ചു ലക്ഷം രൂപവരെ പ്രവേശനത്തിന് വാങ്ങുന്നവരുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ കാര്യത്തിൽ കൃത്യമായ മാനദണ്ഡം കൊണ്ടുവരും.
ശിശുസംരക്ഷണ കേന്ദ്രങ്ങൾ ശിശു സൗഹൃദമായിരിക്കണം. കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് പറ്റിയ കേന്ദ്രങ്ങൾ ആകാൻ അവക്ക് കഴിയണം. ചുറ്റുപാടുകളെ അറിഞ്ഞുകൊണ്ട് വളരാനുള്ള അവസരമാണ് കുട്ടികൾക്ക് ലഭിക്കേണ്ടത്. വീടിെൻറ അന്തരീക്ഷം പ്രീ സ്കൂളുകളിലും അങ്കണവാടികളിലും ഒരുക്കാൻ കഴിയണം. ഭാവനക്കനുസരിച്ച് കുഞ്ഞുങ്ങളെ വളരാൻ വിടണം. കുട്ടികളെ പരിചരിക്കാൻ ഏൽപിക്കുന്ന സ്ഥാപനങ്ങളിൽ വീട്ടിലെ കരുതലും പരിചരണവും ലഭിക്കുന്ന സ്ഥാപനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. കുട്ടികൾക്ക് എല്ലാറ്റിലും ഉപരിയായി മാനസിക സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സർക്കാർ ഉൗന്നൽ നൽകുമെന്ന് അധ്യക്ഷതവഹിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അങ്കണവാടികൾക്കൊപ്പം ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആദ്യഘട്ടത്തിൽ 250ഒാളം അങ്കണവാടികളോടൊപ്പം പദ്ധതി നടപ്പാക്കുന്നതാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ജയിംസ് മാത്യു എം.എല്‍.എ, ബാലാവകാശ കമീഷന് ചെയര്‍പേഴ്സണ്‍ ശോഭ കോശി, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, സാമൂഹിക നീതി വകുപ്പ് സെക്രട്ടറി മിനി ആൻറണി, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ശിൽപശാല വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.