തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് കാണാതായ 12 അമൂല്യ മുത്തുകൾ ക്രൈബ്രാഞ്ച് ക്ഷേത്രത്തിൽനിന്നുതന്നെ കണ്ടെത്തി. അതിസുരക്ഷയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ചാർത്തുന്ന ആഭരണങ്ങളിൽനിന്ന് 26 അമൂല്യ കല്ലുകളും മുത്തുകളും 2016ലാണ് കാണാതായത്. ബാക്കി മുത്തുകൾ കണ്ടെത്താനുണ്ട്. 16 അമൂല്യ കല്ലുകളും ക്രൈബ്രാഞ്ച് കണ്ടെത്തി. എന്നാൽ ഇവ ഈ കേസുമായി ബന്ധമില്ലാത്തവയാണ്. മോഷണമല്ലെന്ന നിഗമനത്തിൽ ക്രൈബ്രാഞ്ച് റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറും.
2013-16 കാലത്തെ പെരിയനമ്പി നരസിംഹം കുമാർ സ്ഥാനം ഒഴിഞ്ഞപ്പോൾ കണക്കെടുത്തപ്പോഴാണ് അമൂല്യ കല്ലുകളും മുത്തുകളും കാണാതായതായി വ്യക്തമായത്. തുടർന്ന് ഫോർട്ട് പൊലീസ് എടുത്ത കേസ് ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിൽ ശനിയാഴ്ച ക്ഷേത്രത്തിൽ നടത്തിയ അന്വേഷണത്തിലാണ് എട്ട് അമൂല്യ കല്ലുകൾ കണ്ടെത്തിയത്. നാലെണ്ണം നേരത്തേ കണ്ടെത്തിയിരുന്നു. ശ്രീപത്മനാഭവിഗ്രഹം, ഭൂമീദേവി, ലക്ഷ്മീദേവി വിഗ്രഹങ്ങൾ എന്നിവയിലും, സ്വർണക്കുടയിലും പതിച്ചിരുന്ന കല്ലുകളാണ് കാണാതായിരുന്നത്.
ചില ആഭരണ ഭാഗങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പെരിയനമ്പിയുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന നിത്യപൂജ ആഭരണങ്ങൾ കാണാതായത് മോഷണമല്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ക്രൈബ്രാഞ്ച് ഡി.ജി.പിക്ക് അടുത്തയാഴ്ച നൽകും. അതേസമയം, അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം തിങ്കളാഴ്ച ക്ഷേത്രത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.