തൃശൂർ: 'ജൈവ' ലേബലുള്ള സ്റ്റാളുകളിലെ പച്ചക്കറികൾ സുരക്ഷിതമല്ലെന്ന് പഠനം. കേരള കാർഷിക സർവകലാശാല നടത്തിയ പഴം-പച്ചക്കറികളിലെ കീടനാശിനി-ലാബ് പരിശോധനയിലാണ് ഇത്തരം സ്റ്റാളുകളിൽ വിഷാംശം കണ്ടെത്തിയത്. 19 പച്ചക്കറി ഇനങ്ങളിൽ എട്ടിലും വിഷാംശം കണ്ടെത്തി.
പഴങ്ങളിൽ 42.86 ശതമാനം വിഷാംശമുണ്ട്. സാധാരണ മാർക്കറ്റുകളിൽനിന്ന് നേരിട്ട് വാങ്ങുന്ന പച്ചക്കറികൾ 33.5 ശതമാനം പച്ചക്കറികളിലും വിഷാംശമാണ്. പഴങ്ങളിൽ 17ൽ അഞ്ചെണ്ണത്തിലും വിഷാംശം രേഖപ്പെടുത്തി. കർഷകരിൽനിന്ന് നേരിട്ട് പരിശോധിച്ച 175 പച്ചക്കറികളിൽ 38 എണ്ണത്തിലും വിഷാംശം രേഖപ്പെടുത്തിയപ്പോൾ ഇക്കോ ഷോപ്പുകളിലൂടെ വിൽക്കുന്ന 82 .13 ശതമാനം ഭക്ഷ്യവസ്തുക്കളും സുരക്ഷിതമെന്നാണ് കണ്ടെത്തൽ. പഴങ്ങളിൽ ഒന്നിനും വിഷാംശം ഇല്ലെന്നതും ശ്രദ്ധേയമാണ്. റിപ്പോർട്ട് www.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പൊതുവിപണി, കൃഷിയിടങ്ങളിൽനിന്ന് നേരിട്ട്, 'ജൈവ'ലേബലിൽ വിൽക്കുന്ന കടകളിൽനിന്ന്, ഇക്കോ ഷോപ്പ് വഴി വിൽക്കുന്നവയിൽനിന്ന് എന്നിങ്ങനെ നാല് തരത്തിലാണ് സാമ്പിളുകൾ ശേഖരിച്ചത്. പരിശോധനക്കായി ശേഖരിച്ച 1,197 ഭക്ഷ്യവസ്തുക്കളിൽ 872 ഉം കീടനാശിനി വിമുക്തമാണ് (72.8 ശതമാനം). 28.04 ശതമാനം പച്ചക്കറികളിലും 22.66 ശതമാനം പഴവർഗങ്ങളിലുമാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. പച്ചക്കറികളിൽ കാപ്സിക്കം (88-100 ശതമാനം), ചുവന്ന ചീര (80 ശതമാനം), പച്ചമുളക് (67 ശതമാനം), സാമ്പാർ മുളക് (65 ശതമാനം) പുതിനയില (60 ശതമാനം) മല്ലിയില (57 ശതമാനം) എന്നിവയിലാണ് കീടനാശിനി കൂടുതലായി കണ്ടെത്തിയത്. പഴവർഗങ്ങളിൽ മുന്തിരിയിലാണ് (62.50-100 ശതമാനം).
പൊതുവിപണിയിൽനിന്ന് ശേഖരിച്ച 33.59 ശതമാനം പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. പഴവർഗങ്ങളിൽ 17 ഇനങ്ങൾ ശേഖരിച്ചതിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് വിഷാംശം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.