തിരുവനന്തപുരം: കോവിഡ് രോഗ പ്രതിരോധ ചികിത്സ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചില സുപ്രധാന മുന്നറിയിപ്പുകളും നിർദേശങ്ങളും മുന്നോട്ടുവെച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകം. അതിരൂക്ഷമായി കോവിഡ് രോഗം വ്യാപിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നീക്കങ്ങളാണ് സർക്കാറിെൻറ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ആരോഗ്യ വിദഗ്ധരെ മൂലക്കിരുത്തി രാഷ്ട്രീയ ലാഭങ്ങൾക്ക് മുൻതൂക്കം നൽകി ഉദ്യോഗസ്ഥ മേധാവിത്വത്തിൽ മഹാമാരിയെ നേരിടുമ്പോൾ ഉണ്ടാകുന്ന അതിഗുരുതരാവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം എത്തിനിൽക്കുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാൻ ആവശ്യമായ ഐ.സി.യു, വെൻറിലേറ്റർ സൗകര്യങ്ങൾ ഇനിയും സജ്ജീകരിക്കാതെ, ത്രിതല ചികിത്സ സംവിധാനങ്ങളിൽ ഭീതിപ്പെടുത്തുന്ന അപര്യാപ്തതയാണ് ഇപ്പോഴുള്ളത്.
80 ശതമാനം ഐ.സി.യു, വെൻറിലേറ്റർ ബെഡ്ഡുകളിൽ രോഗികൾ നിലവിലുണ്ട്. ഇനിയും രോഗികൾ ഇരട്ടിയാവുന്ന രീതിയിലാണ് കാര്യങ്ങൾ. കോവിഡ് ഇതര രോഗികളെ സർക്കാർ മേഖല പൊതുവെ കൈയൊഴിഞ്ഞ സ്ഥിതിയാണ്. സ്വകാര്യ മേഖലയാകട്ടെ കോവിഡ്, കോവിഡ് ഇതര രോഗികളെ ഒരേസമയം പരിചരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ആരോഗ്യ പ്രവർത്തകനോ ഭരണകർത്താവിനോ രോഗം വന്നാൽ പോലും ചികിത്സിക്കാൻ കിടക്കയില്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിനിൽക്കുന്നു.
50 രോഗികൾക്ക് ഒരു ഡോക്ടറും രണ്ട് വീതം നഴ്സും അറ്റൻഡർമാരും മാത്രം പരിചരിക്കാൻ നിയമിക്കുമ്പോൾ ഓർക്കണമായിരുന്നു വീഴ്ചകൾ വരുമെന്ന്. സർക്കാറിെൻറ/ഭരണകർത്താക്കളുടെ കെടുകാരൃസ്ഥതക്കും നിരുത്തരവാദിത്വത്തിനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരാണ് ബലിയാടുകൾ. ഇതാണ് സർക്കാറിെൻറ സമീപനമെങ്കിൽ നാളിതുവരെ ആരോഗ്യപ്രവർത്തകർ കൈവരിച്ച നേട്ടം കൈമോശം വരാൻ മണിക്കൂറുകൾ മതി.
ആരോഗ്യ വകുപ്പിൽ തന്നെ പുഴുവരിക്കുന്ന സ്ഥിതിയാണുള്ളത്. പരിശോധനകൾ കൂട്ടാൻ മാസങ്ങളായി ഐ.എം.എ ആവശ്യപ്പെടുന്നു. 50,000 പരിശോധനകൾ ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 14.5 ശതമാനം ആണ്. ഇപ്പോൾ തന്നെ ഒരു ലക്ഷം ടെസ്റ്റുകൾ ചെയ്താൽ ഇരുപതിനായിരത്തിലധികം പോസിറ്റീവ് രോഗികൾ ഉണ്ടാവും.
അത്രയും പേരെ ഐസൊലേറ്റ് ചെയ്യാതെ അവർ സമ്പർക്ക വ്യാപനം നടത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉൗണും ഉറക്കവും വീടും കുടുംബവും ഉപേക്ഷിച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സാലറി ചലഞ്ച്, നിരീക്ഷണ അവധി റദ്ദാക്കൽ, അധിക ജോലിഭാരം എന്നു വേണ്ട, ഏതെല്ലാം നിലയിൽ പീഡിപ്പിക്കാമോ അതെല്ലാം ചെയ്യാൻ ഉദ്യോഗസ്ഥ വൃന്ദത്തിന് എങ്ങനെ കഴിയുന്നു? ഈ അവസ്ഥ ഉണ്ടാക്കുന്ന ആഘാതം ഭയാനകമായിരിക്കും എന്ന മുന്നറിയിപ്പാണ് നൽകാനുള്ളത്.
ഇത് വൈറസ് പരത്തുന്ന മഹാമാരിയാണ്. തീരുമാനങ്ങൾ എടുത്ത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വിദഗ്ധരാണ്. രാഷ്ട്രീയ^ഉദ്യോഗസ്ഥ നേതൃത്വമല്ല. ഇനിയും വൈകിയാൽ സ്വന്തം ജനതയെ രോഗത്തിന് കുരുതി കൊടുത്ത സർക്കാർ എന്ന ബഹുമതിയാവും ചാർത്തി കിട്ടുക.
കൂടുതൽ ആരോഗ്യ പ്രവത്തകരെ അർഹതപ്പെട്ട ശമ്പളം നൽകി നിയമിക്കുക. കോവിഡ് ഡ്യൂട്ടിയിൽ കയറാൻ താൽപ്പര്യപ്പെട്ട് കാത്തിരിക്കുന്ന യുവ ഡോക്ടർമാരെ ഉടൻ തക്കതായ ശമ്പളത്തോട് കൂടി നിയമിക്കുക. ഒപ്പം നഴ്സുമാരെയും ഇതര ആരോഗ്യപ്രവർത്തകരെയും.
പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് കൊറോണ വൈറസിന് എതിരെയാണ്, ആരോഗ്യപ്രവർത്തകർക്ക് നേരെയല്ല എന്ന് ഓർമിച്ചാൽ നന്നായിരിക്കും. ടേർഷ്യറി കെയർ, ഐ.സി.യു, വെൻറിലേറ്റർ സംവിധാനങ്ങൾ അടിയന്തിരമായി വർധിപ്പിക്കുക.
ഐ.സി.യു, വെൻറിലേറ്റർ കിടക്കകളുടെ ലഭ്യത സമയാസമയങ്ങളിൽ വെബ്സൈറ്റ്/ഡാഷ് ബോർഡിൽ പ്രദർശിപ്പിക്കുക, ജനങ്ങളെ അറിയിക്കുക.
ആരോഗ്യ പ്രവർത്തകരോട് അൽപ്പം കൂടി സഹാനുഭൂതി പുലർത്തുക, അവരുടെ വേതനത്തിൽ പിടിക്കാതിരിക്കുക.
ആരോഗ്യ പ്രവർത്തകർക്ക് നിലവാരമുള്ള സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക.
സംവിധാനങ്ങളുടെ വീഴ്ചകൾക്ക് ആരോഗ്യ പ്രവർത്തകരെ ബലിയാടുകളാക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെയും നഴ്സുമാരെയും സസ്പെൻഡ് ചെയ്ത നടപടി ഉടൻ പിൻവലിക്കുക. അവരുടെ ന്യായമായ ആവശ്യത്തിന് ഐ.എം.എ പൂർണ പിന്തുണ നൽകുന്നു.
സ്വകാര്യ മേഖലയിൽ കോവിഡ് ചികിത്സ ആരംഭിച്ച സാഹചര്യത്തിൽ എല്ലാവരെയും വിശ്വാസത്തിൽ എടുത്തുകൊണ്ട് ജില്ലാതല ഏകോപനം ശകതിപ്പെടുത്തണം. പ്രതികാര നടപടികൾ ഉപേക്ഷിക്കുക.
സ്വകാര്യ മെഡിക്കൽ കോളജിലെ ജോലിക്കാരുടെ മാസങ്ങളായി ലഭിക്കാത്ത വേതനം ഉടൻ നൽകാൻ വേണ്ട നിർദേശങ്ങൾ സർക്കാർ നൽകണം.
മേൽപ്പറഞ്ഞ കാര്യങ്ങൾ ഗൗരവത്തോടെ കണ്ട് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും എങ്കിലേ ഇനി രക്ഷയുള്ളൂവെന്നും െഎ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ്, സെക്രട്ടറി ഡോ. പി. ഗോപികുമാർ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.