പിണറായിയെ കണ്ണിലെ കൃഷ്ണമണി പോലെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു -കെ. സുധാകരന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരേ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്‍റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാല്‍, 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും സ്പീഡില്‍ തിരിച്ചു പോയെന്നു മാത്രമല്ല, ബി.ജെ.പി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തെന്ന് സുധാകരൻ പറഞ്ഞു.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, കുഴല്‍പ്പണം, വിദേശനാണ്യ വിനിമയ ചട്ടലംഘനം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ ഒരു ഘട്ടത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കേരളത്തെ കൊള്ളയടിച്ചതെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അവരെ വേട്ടയാടുന്ന തിരക്കിലാണ് ഭരണകൂടമെന്ന് സുധാകരന്‍ പറഞ്ഞു.

ഇല്ലാത്ത കേസുകളില്‍ പോലും കുടുക്കി പ്രതിപക്ഷ നേതാക്കളെ രാജ്യമാകെ മോദി ഭരണകൂടം വേട്ടയാടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രധാന ജോലി തന്നെ ഇപ്പോള്‍ അതാണ്. എന്നാല്‍, കേരള മുഖ്യമന്ത്രിക്കെതിരേ വ്യക്തമായ തെളിവുകളും മൊഴികളും നിലനിൽകെയാണ് എല്ലാ കേസുകളും തേച്ചുമാച്ചത്. സ്വര്‍ണക്കടത്തു കേസ് നിര്‍ജീവമാക്കിയതിനോടൊപ്പം ലാവ്‌ലിന്‍ കേസ് 28 തവണ മാറ്റിവെച്ചതും കൂട്ടിവായിക്കേണ്ടതാണ്.

പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണി പോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നത്. നവകേരള യാത്രയില്‍ മോദിക്കെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ഇത്രയും ജനദ്രോഹകരമായ യാത്രയില്‍ ഒരു കീറത്തുണി പോലും ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ബി.ജെ.പി തയാറായതുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിനീളെ ആക്രമിക്കപ്പെട്ടപ്പോള്‍ അതു കണ്ടു രസിച്ചവരാണ് ബി.ജെ.പിക്കാര്‍. ബി.ജെ.പി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴല്‍പ്പണക്കേസും ഒത്തുതീര്‍ന്നു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വെറും നനഞ്ഞ പടക്കമായി. അയോധ്യ ക്ഷേത്രം ഉയരുന്ന യു.പിക്ക് 15,700 കോടി രൂപ കഴിഞ്ഞ ആഴ്ച അനുവദിച്ചപ്പോള്‍ കേരളത്തിന് മോദിയുടെ ഒരുകെട്ട് ഗ്യാരന്‍റി മാത്രമാണ് ലഭിച്ചത്. കേരളത്തിന് അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങാന്‍ മുഖ്യമന്ത്രിക്കും ഭയമാണ്. സുരേഷ് ഗോപിക്കു വേണ്ടിയുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെങ്കില്‍ ആ പരിപ്പ് തൃശൂരില്‍ വേവില്ലെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Prime Minister Narendra Modi protects Pinarayi Vijayan like the apple of his eye -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.