തൃപ്രയാർ: ഗുരുവായൂർ ക്ഷേത്ര ദർശന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 17ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും. ഗുരുവായൂരിലെ ചടങ്ങുകൾക്കു ശേഷം വലപ്പാട് ഗവ. ഹൈസ്കൂളിലെ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കിഴക്കേ ടിപ്പുസുൽത്താൻ റോഡിലൂടെയാണ് ക്ഷേത്രത്തിലെത്തുക. രാവിലെ 10.10 മുതൽ 11.10 വരെ പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാകും.
ഹെലികോപ്ടർ ഇറങ്ങുന്ന ഗ്രൗണ്ട്, കിഴക്കേ ടിപ്പുസുൽത്താൻ റോഡിന്റെ വശങ്ങൾ, പടിഞ്ഞാറേനട, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ എന്നിവിടങ്ങളിലായി ബാരിക്കേഡ് സ്ഥാപിക്കും. സന്ദർശന മുന്നോടിയായി ഞായറാഴ്ച വൈകീട്ട് കലക്ടർ വി.ആർ. കൃഷ്ണതേജ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കർ, വലപ്പാട് സി.ഐ കെ.എസ്. സുശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രവും പരിസരവും പരിശോധിച്ചു. കേരളത്തിൽ എസ്.പി.ജിയുടെ ചുമതലയുള്ള സുരേഷ് രാജ് പുരോഹിത് വലപ്പാട് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി സുരക്ഷ വിഷയങ്ങൾ ചർച്ച നടത്തുകയും ചെയ്തു.
ബ്രഹ്മസ്വം മഠത്തിൽ വേദപഠനം നടത്തുന്ന 21 വിദ്യാർഥികളുടെ വേദാർച്ചന, രാമായണത്തെ ആസ്പദമാക്കിയുള്ള ഭജന എന്നിവ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.