കൊച്ചി: ജലവിഭവ വകുപ്പിനുകീഴിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാൻ എ.ഡി.ബി സമർപ്പിച്ച റിപ്പോർട്ടിൽ വാട്ടർ അതോറിറ്റിയെ തന്നെ ഞെട്ടിക്കുന്ന പെരുപ്പിച്ച പൊള്ളയായ കണക്കുകൾ. ഈ റിപ്പോർട്ടിനെ അംഗീകരിച്ചാണ് 2020ൽ 2511 കോടിയുടെ പദ്ധതിക്ക് ഇടതുസർക്കാർ ഭരണാനുമതി നൽകിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ജലവിതരണത്തെക്കുറിച്ച് പഠിച്ചെന്ന അവകാശവാദത്തോടെ സമർപ്പിച്ച രൂപരേഖയിലെ വസ്തുതാപരമായ തെറ്റുകളും കരാർ മൂലമുണ്ടാകുന്ന അപകടങ്ങളും ജലവിഭവ വകുപ്പിലെ ഇടത് അനുകൂല സംഘടനകൾ സർക്കാറിന്റെയും സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, അതൊന്നും സർക്കാർ മുഖവിലയ്ക്കെടുത്തില്ല.
കൊച്ചി നഗരത്തിൽ വിതരണത്തിന് എത്തിക്കുന്ന ജലത്തിൽ 51 ശതമാനം ചോർച്ചയിലൂടെയും മറ്റും നഷ്ടപ്പെടുന്നുവെന്നാണ് എ.ഡി.ബിയുടെ കണ്ടെത്തൽ. ജലവിതരണ നെറ്റ്വർക്കുകളിലെ പഴയ പൈപ്പുകൾ മാറ്റിക്കഴിയുമ്പോൾ ജലനഷ്ടം 51 ശതമാനത്തിൽനിന്ന് 20ൽ താഴെയെത്തിക്കാനാകും. പാഴായിപ്പോകുന്ന വെള്ളത്തിന്റെ 30 ശതമാനം കൂടി ജനങ്ങൾക്ക് എത്തിക്കാമെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.
എന്നാൽ, ഈ കണക്ക് ശരിയല്ലെന്നാണ് ജലവിഭവ വകുപ്പിന്റെ വാദം. ആലുവയിൽ ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് വിതരണത്തിന് പമ്പുചെയ്യുന്ന വെള്ളത്തിന്റെ അളവിന് േഫ്ലാ മീറ്റർ വെച്ചിട്ടുണ്ട്. േഫ്ലാ മീറ്റർ കടന്നുപോകുന്ന വെള്ളം കൊച്ചി കോർപറേഷൻ പരിധിയിലേക്ക് മാത്രമല്ല, സമീപത്തെ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോ ഏരിയയിലേക്കും എത്ര വെള്ളം വീതമെന്ന കണക്ക് ഇല്ല. ഈ കണക്ക് കിട്ടാത്തിടത്തോളം കാലം 51 ശതമാനം ജലനഷ്ടമെന്ന അനുമാനത്തിലെത്താൻ കഴിയില്ലെന്ന് വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർതന്നെ പറയുന്നു.
ഇത്രയും വലിയ ജലനഷ്ടമുണ്ടാകുന്നതിന് ആധികാരികമായ രേഖയോ റിപ്പോർട്ടോ എ.ഡി.ബി സമർപ്പിച്ചിട്ടില്ല. ഇതിനുപുറമെ, നിലവിൽ കൊച്ചി നഗരത്തിലേക്ക് ആലുവയിൽനിന്നുള്ള വെള്ളത്തിന്റെ ഒരു ഭാഗവും മരട് ശുദ്ധീകരണശാലയിൽനിന്ന് വിതരണം ചെയ്യുന്ന വെള്ളവും ചേർന്ന് 250 എം.എൽ.ഡിയാണ് ഒരുദിവസം കൊച്ചി കോർപറേഷനിൽ വിതരണം ചെയ്യുന്നത്. ഈ വെള്ളത്തിന്റെ 66 ശതമാനം -അതായത് 135 എം.എൽ.ഡി -ബിൽ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഓപറേറ്റിങ് കോസ്റ്റ് നിശ്ചയിച്ചതിലും ജലവിഭവ വകുപ്പിന്റെ കണക്കിനെക്കാൾ 13 ഇരട്ടിയിലേറെയാണ് എ.ഡി.ബിയുടേത്. ഒന്നര ലക്ഷത്തോളം കണക്ഷനുള്ള കൊച്ചി കോർപറേഷൻ പരിധിയിൽ, ഓരോ കണക്ഷനും ഓപറേറ്റിങ് കോസ്റ്റ് ഇനത്തിൽ ചെലവാകുന്നത് (മെക്കാനിക്കൽ, ഇലക്ട്രിക് മെയിന്റനൻസ്, ശമ്പളം) 18.59 രൂപയാണ്. എന്നാൽ, എ.ഡി.ബിയുടേത് 230 രൂപയിലേറെ; 13 ഇരട്ടിയിലധികം. ഇത്രയും വലിയ തുകയുടെ ഭാരം ആരിലേക്കാണ് ചുമത്താൻ പോകുന്നതെന്നതും റിപ്പോർട്ടിൽ വ്യക്തമല്ല. ഒന്നുകിൽ ഈ ഭാരം സംസ്ഥാന സർക്കാറോ അല്ലെങ്കിൽ ഉപഭോക്താക്കളോ വഹിക്കേണ്ടിവരുമെന്ന ആശങ്ക ജീവനക്കാർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.