കോട്ടയം: വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാകണമെന്ന കാര്യത്തിൽ അസോസിയേഷൻ ഒറ്റക്കെട്ടായി നിൽക്കും എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. നിയമത്തിനെതിരെ കർഷകർ കൂടി അണിനിരന്നതിനാലാണ് കേന്ദ്രത്തിന് ഉദ്ദേശിച്ച വേഗത്തിൽ നടപ്പാക്കാൻ കഴിയാതെ പോയത്.
വൈദ്യുതി വിലയിൽ നേരിയ കുറവുണ്ടായാൽ പോലും അത് ബോർഡിന് വലിയ ആശ്വാസമാകുന്ന ഇക്കാലത്ത് ടി.പി സൗര്യയിൽനിന്ന് 110 മെഗാവാട്ട് സോളാർ വൈദ്യുതി യൂനിറ്റിന് 2.44 രൂപക്ക് വാങ്ങാൻ കരാറായി. നേരത്തേ 2.97 രൂപക്ക് ധാരണ ആയതാണ്. ഇതേ പോലെ ചെലവുകുറഞ്ഞ വൈദ്യുതിക്ക് ദീർഘകരാർ െവച്ചിട്ടുള്ളതിനാൽ വലിയ പ്രതിസന്ധിയിലേക്ക് പോകില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രവർത്തന ലാഭത്തിലാണ് സ്ഥാപനം എന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് ഡോ. എം.ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇ.ഇ.എഫ്.ഐ ജനറൽ സെക്രട്ടറി പ്രശാന്ത് നന്ദി ചൗധരി, ഓർഗനൈസിങ് സെക്രട്ടറി ടി.എ. ഉഷ എന്നിവർ സംസാരിച്ചു.
വൈദ്യുതി കരാർ റദാക്കിയത് അന്വേഷിക്കണം- എം.എം. മണി
കോട്ടയം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന കരാർ റദാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം. മണി. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നിയമ വിരുദ്ധമായാണ് കരാർ ഉണ്ടാക്കിയത്. എങ്കിലും കരാർ റദ്ദാക്കിയ നടപടി തെറ്റാണ്. ഇത് വൈദ്യുതി ക്ഷാമം ഉണ്ടാക്കും. സംസ്ഥാന സർക്കാർ വിശദമായ അന്വേഷണം നടത്തണം. പുതിയ കരാർ തയാറാക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി സ്പെഷൽ കറസ്പോണ്ടന്റ് പി. സുരേശൻ, മനോരമ ന്യൂസ് സ്പെഷൽ കറസ്പോണ്ടന്റ് എൻ.കെ. ഗിരീഷ് എന്നിവർക്ക് ഊർജ കേരള പുരസ്കാരം എം.എം. മണി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.