ഉരുൾ ദുരന്തത്തിൽ മരിച്ചവരുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന പ്രിയങ്ക ഗാന്ധി. സമീപം രാഹുൽ ഗാന്ധിയെയും കാണാം.

ഉരുൾ ജീവൻ കവർന്നവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയങ്കയും രാഹുലും; പുഷ്‌പാർച്ചന നടത്തി മടക്കം

കൽപറ്റ: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് നാമനിർദേശിക പത്രിക സമർപ്പിച്ച ശേഷം വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചൂരൽമലയിലെ ഉരുൾ ദുരന്തത്തിൽ മരിച്ചവരുടെ കൂട്ടസംസ്കാരം നടത്തിയ പുത്തുമല സന്ദർശിച്ചു. ശവകുടീരത്തിൽ പുഷ്‌പാർച്ചന നടത്തി പ്രാർഥിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. റോബർട്ട് വാദ്ര, ടി. സിദ്ദീഖ് എം.എൽ.‌എ ഉൾപ്പെടെയുള്ളവർ പ്രിയങ്കയെ അനുഗമിച്ചു.

ദുരന്തത്തിൽ മരിച്ച, ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്തിരിക്കുന്നത് പുത്തുമലയിലെ പൊതുശ്മശാനത്തിലാണ്. ദുരന്തത്തിൽ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങളുടെയും കണക്കുകൾ അടക്കമുള്ള വിവരങ്ങൾ ടി. സിദ്ദീഖ് പ്രിയങ്കയെ ധരിപ്പിച്ചു. നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോഴും പ്രിയങ്ക ദുരന്ത ഭൂമിയിൽ എത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും പത്രികാ സമർപ്പണത്തിനു ശേഷം മടങ്ങി.

രാജ്യത്തെ തന്നെ വലിയ ദുരന്തങ്ങളിലൊന്നായ ചൂരൽമല ഉരുൾപൊട്ടൽ ദേശീയ തലത്തിൽ ചർച്ചയാക്കി നിർത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദർശനമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ദുരന്തബാധിതർക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. തോട്ടം തൊഴിലാളികളോട് ഉൾപ്പെടെ വാഹനം നിർത്തി സംസാരിച്ച ശേഷമാണ് പ്രിയങ്ക പുത്തുമലയിലെത്തിയത്. നേരത്തെ കൽപറ്റയിൽ പ്രിയങ്കയുടെ റോഡ് ഷോക്കായി വൻ ജനാവലിയാണ് അണിനിരന്നത്.

തെരഞ്ഞെടുപ്പിൽ ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണെന്ന് പ്രിയങ്ക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 17ാം വയസിലാണ് പിതാവി​ന് വേണ്ടി താൻ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. പിന്നീട് മാതാവിനും സഹോദരനും സഹപ്രവർത്തകർക്കും വേണ്ടി നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ഈ അവസരം തനിക്ക് കിട്ടിയ ആദരമാണ്. നിങ്ങളാണ് എന്റെ കുടുംബം. എല്ലാ പ്രശ്നത്തിലും പിന്തുണക്കാൻ താനുണ്ടാകുമെന്നും പ്രിയങ്ക.

രാഹുലിന് വയനാട്ടുകാർ വലിയ പിന്തുണയാണ് നിങ്ങൾ നൽകിയത്. ആ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് രാജ്യം മുഴുവൻ നടക്കാൻ സാധിക്കുമായിരുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിച്ച രാഹുൽ ഗാന്ധി വയനാടിന് രണ്ട് ജനപ്രതിനിധികൾ ഉണ്ടാവുമെന്ന് പറഞ്ഞു. പ്രിയങ്ക വയനാടിന്റെ ഔദ്യോഗിക എം.പിയാണെങ്കിൽ താൻ അനൗദ്യോഗിക എം.പിയായിരിക്കും. തങ്ങൾ രവയനാടിന് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.