തിരുവനന്തപ്പുരം: ഫലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചതിന് ഫാറൂഖ് കോളജിലെ വിദ്യാർഥികൾക്കെതിരേ കേസെടുത്തതിലൂടെ പൊലിസിെൻറ ആർ.എസ്.എസ് ദാസ്യമാണ് വ്യക്തമാക്കുന്നതെന്നും നടപടി പ്രതിഷേധാർഹമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് പൊലിസിൽ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.
ഫലസ്തീനിൽ സയണിസ്റ്റുകൾ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ മനുഷ്യത്വമുള്ളവർ ഒന്നടങ്കം പ്രതിഷേധിക്കുമ്പോൾ സംഘപരിവാരം മാത്രമാണ് അതിനെ പിന്തുണയ്ക്കുന്നത്. ഫലസ്തീനിൽ നരനായാട്ട് തുടങ്ങിയതു മുതൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള സർക്കാർ കേരളം ഭരിക്കുമ്പോൾ ഫലസ്തീനെ അനുകൂലിക്കുന്നവർക്കെതിരേ കേസെടുക്കുന്നതിലൂടെ ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
കലാപാഹ്വാനം എന്ന പേരിലാണ് കേസെടുത്തിട്ടുള്ളത്. മതസ്പർദ്ധ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചിലർക്കെതിരെ വ്യാപകമായി ചുമത്തുന്നതിന് ആഭ്യന്തരവകുപ്പിൽ നിന്നും ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. മതനിരപേക്ഷതയുടെ പേരിൽ വോട്ട് വാങ്ങി അധികാരത്തിലെത്തിയവർ സങ്കുചിത വംശീയ പ്രത്യയശാസ്ത്രങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദ്യാർഥികൾക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.