നഗരസഭയുടെ നേതൃത്വത്തില്‍ പൊലീസും എക്സൈസും ചേർന്നാണ് പരിശോധന നടത്തിയത്
പെരുമ്പാവൂര്‍: അനധികൃത ഷെഡുകളില്‍ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങള് പിടികൂടി. പി.പി റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ് എന്നിവിടങ്ങളില്‍ മുനിസിപ്പല്‍ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈെൻറ മേല്‍നോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ലോഡ് സാധനങ്ങൾ കണ്ടെടുത്തത്.
നഗരസഭയുടെ നേതൃത്വത്തില്‍ പൊലീസും എക്സൈസും ചേർന്നാണ് ഷെഡുകളുടെ താഴ് പൊളിച്ച് ഹാന്‍സ്, പാന്‍പരാഗ് ഉള്‍പ്പെടെ പിടികൂടിയത്.
പെരുമ്പാവൂര്‍ ടൗണില്‍ പുകയില ഉൽപന്നങ്ങള് സൂക്ഷിക്കുന്ന താല്‍ക്കാലിക ഷെഡുകളും മുറികളും നിരവധിയാണ്. അടച്ചുപൂട്ടിയിട്ടിരിക്കുന്ന ഇവയില്‍ പുലര്‍ച്ച തിരക്കൊഴിഞ്ഞ സമയങ്ങളിലാണ് സാധനങ്ങള്‍ കൊണ്ടുവന്ന് ഇറക്കുന്നത്. ഷെഡുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍പോലും അധികൃതരുടെ പക്കലില്ല. വര്‍ഷങ്ങളായി ഇത് തുടരുന്നുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടലില്‍ നടപടിയെടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഞ്ജയ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.എ. തോമസ്, അനൂപ് കുമാര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്, എസ്.ഐ ജോഷി പോള്‍, എക്സൈസ് പ്രിവൻറിവ് ഓഫിസര്‍ ജോയി വര്‍ഗീസ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസര്‍ ജോണ്സണ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.