പണമില്ല; സപ്ലൈകോയിൽ നിയമന നിരോധനം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോയിൽ നിയമന നിരോധനം ഏർപ്പെടുത്തി സർക്കാർ. റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ, അസി. സെയിൽസ്മാൻ തസ്തികയിലേക്കുള്ള 152 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്ന് സപ്ലൈകോ സി.എം.ഡി നിർദേശം നൽകി. ഇതുസംബന്ധിച്ച വിവരാവകാശ രേഖ 'മാധ്യമ'ത്തിന് ലഭിച്ചു. നിയമന നിരോധനം ഏർപ്പെടുത്തിയതോടെ, ജോലിക്കായി വർഷങ്ങളായി കാത്തിരിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി തുലാസിലായി.

2021 ഡിസംബർ 12നാണ് എൽ.ഡി.സി, എൽ.ജി.എസ് തസ്തികകൾക്കൊപ്പം അസി. സെയിൽസ്മാന്‍റെയും മുഖ്യപരീക്ഷ പി.എസ്.സി നടത്തിയത്. എന്നാൽ, ലാസ്റ്റ് ഗ്രേഡ് സർവന്‍റിന്‍റെ റാങ്ക് ലിസ്റ്റ് 2022 ജൂലൈയിലും എൽ.ഡി.സിയുടേത് 2022 ആഗസ്റ്റിലും പ്രസിദ്ധപ്പെടുത്തിയെങ്കിലും അന്ന് 658 ഒഴിവുകൾ റിപ്പോർട്ട് ചെയ്ത അസി. സെയിൽസ്മാന്‍റെ റാങ്ക് ലിസ്റ്റ് സർക്കാറിന്‍റെ 'രഹസ്യ നിർദേശപ്രകാരം' പ്രസിദ്ധീകരിക്കാൻ പി.എസ്.സി തയാറായില്ല. പകരം സപ്ലൈകോയിൽ താൽക്കാലിക നിയമനം നടത്തി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതിനാലാണ് താൽക്കാലിക നിയമനമെന്നായിരുന്നു ഭക്ഷ്യവകുപ്പിന്‍റെ വാദം.

ഇതിനെതിരെ 'മാധ്യമം' തുടർ വാർത്തകൾ നൽകിയതോടെയാണ് 2023 ഏപ്രിൽ, മേയ് മാസങ്ങളിലായി പുതിയ റാങ്ക് ലിസ്റ്റുകൾ പുറത്തുവരുന്നത്. 14 ജില്ലകളിലുമായി 8792 പേരാണ് മുഖ്യപട്ടികയിൽ ഇടംപിടിച്ചത്. കൂടുതൽ പേർ കൊല്ലം ജില്ലയിലായിരുന്നു -910. എന്നാൽ, റാങ്ക് ലിസ്റ്റ് നിലവിൽവന്ന് ഒന്നരവർഷം പിന്നിട്ടിട്ടും ഇതുവരെ നിയമന ശിപാർശ ലഭിച്ചത് 1232 പേർക്ക് മാത്രം. ഇതിൽ തന്നെ നല്ലൊരു ശതമാനവും എൻ.ജെ.ഡി ഒഴിവുകളാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ മാർച്ചിനു ശേഷം നിയമന ശിപാർശ പി.എസ്.സി നൽകിയിട്ടില്ല.

തസ്തികയിലേക്ക് അവസാനമായി നിയമന ശിപാർശ അയച്ചത് ജൂലൈ 11ന് എറണാകുളം ജില്ലയിലേക്കാണ്. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ വാദം. റേഷൻ വിതരണം, വിപണിയിടപെടൽ, നെല്ല് സംഭരണം തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കിയ വകയിൽ 3390.03 കോടിയാണ് സർക്കാർ സപ്ലൈകോക്ക് നൽകാനുള്ളത്. ഇതിൽ വിപണിയിടപെടലിൽ മാത്രം നൽകാനുള്ളത് 1966.55 കോ ടിയാണ്.

Tags:    
News Summary - Prohibition of appointment in Supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.