'ഹരിത' മുൻ ഭാരവാഹികളെ സി.പി.എമ്മിലേക്ക്​ അടുപ്പിക്കാൻ പ്രമുഖ വനിത നേതാക്കളുടെ നേതൃത്വത്തിൽ നീക്കം

മലപ്പുറം: മുസ്​ലിം ലീഗ് നേതൃത്വം പിരിച്ചുവിട്ട 'ഹരിത' സംസ്ഥാന കമ്മിറ്റിയിലെ ഭാരവാഹികളെ സി.പി.എമ്മിലേക്ക് അടുപ്പിക്കാൻ ശ്രമം. കണ്ണൂർ ജില്ലക്കാരായ മുതിർന്ന സി.പി.എം വനിത നേതാക്കളാണ് ഇവരുമായി ആശയവിനിമയം നടത്തിയത്. പാർട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെന്നറിയുന്നു. 'ഹരിത'യിലെ പ്രശ്നങ്ങൾ പുറത്തുവന്ന നാളുകളിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഭാരവാഹികളെ സംഘടനയിലേക്ക് സ്വാഗതം ചെയ്​തിരുന്നു. 'ഹരിത' സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതോടെയാണ് സി.പി.എം ശ്രമങ്ങൾ ഊർജിതമാക്കിയത്.

എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറായിരുന്ന ഫാത്തിമ തഹ്ലി​യ ലീഗ്​​ വിടുന്നത്​ സംബന്ധിച്ച്​ നേര​േത്തതന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഭാരവാഹി സ്ഥാനത്തുനിന്ന് മാറ്റിയതോടെ ഇത് സജീവമായെങ്കിലും പാർട്ടി മാറുന്ന കാര്യം അവർ നിഷേധിച്ചു. സുരേഷ് ഗോപി എം.പി ബി.ജെ.പിയിലേക്കും ക്ഷണിച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട്​ സി.പി.എം വനിത നേതാക്കൾ നടപടിക്ക് വിധേയമായ ഹരിത കമ്മിറ്റിയിലെ ഭാരവാഹികളെ വിളിക്കുകയും പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തത്.

ലീഗ് വിട്ട് മറ്റൊരു ഇടത്തേക്ക് പോവുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്ന് ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നിയും ജനറൽ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറയും വ്യക്തമാക്കിയിട്ടുണ്ട്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കൂടിയായ നജ്മ, കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ എ.എ. റഹീമിനെ വിമർശിച്ചത്​ ലീഗ് കേന്ദ്രങ്ങൾക്കും ആവേശമായി. പാർട്ടിയിൽ തുടർന്നുകൊണ്ടുതന്നെ വനിത കൂട്ടായ്മ രൂപവത്കരിക്കാനുള്ള ശ്രമങ്ങളാണ് മുൻ ഹരിത ഭാരവാഹികൾ നടത്തുന്നത്. ലീഗിലെ ചില മുതിർന്ന നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ട്.


Tags:    
News Summary - Prominent women leaders are trying to bring former ‘Haritha’ office bearers closer to the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.