വിഴിഞ്ഞം: നാട്ടുകാർ നോക്കിനിൽക്കെ ബാങ്ക് ജീവനക്കാരിയെ ബാങ്കിന് മുന്നിൽവെച്ച് ഭർത്താവ് കുത്തിപ്പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം സ്വദേശിനി കെ.എസ്. സിനിക്കാണ് (50) കുത്തേറ്റത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് സുഗതീശനെ (52) പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് വിഴിഞ്ഞം എസ്.ബി.ഐ ശാഖക്ക് മുന്നിലാണ് സംഭവം. വസ്തു വിൽപനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സിനി ജോലി കഴിഞ്ഞ് ഇറങ്ങുന്നതുവരെ ബാങ്കിന് സമീപത്തെ കടയിൽ കാത്തുനിൽക്കുകയായിരുന്നു സുഗതീശൻ. സിനി ഗേറ്റിന് പുറത്തെത്തിയതും കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.
ആദ്യ കുത്തിൽതന്നെ റോഡിലേക്ക് വീണ സിനിയെ വീണ്ടും കുത്തിയതായി പൊലീസ് പറഞ്ഞു. സംഭവസമയം അതുവഴി കടന്നുപോയ കാർ ഇടിച്ചാണ് സിനി നിലത്തുവീണതെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. ഇതിനിടെ സമീപത്തെ എ.ടി.എമ്മിൽ പണമെടുക്കാൻ വന്ന പൊലീസുകാർ പ്രതിയെ പിടികൂടുകയായിരുന്നു. സുഗതീശെൻറ മദ്യപാനവും ഉപദ്രവവും കാരണം സിനിയും മക്കളും കുറച്ചുകാലമായി വെങ്ങാനൂരിലാണ് താമസിച്ചുവന്നത്.
അടുത്തിടെ സുഗതീശനും ഇവർക്കൊപ്പം താമസത്തിനെത്തി. എന്നാൽ, വീണ്ടും ഉപദ്രവം തുടങ്ങിയതോടെ സിനി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നിർദേശപ്രകാരം ഇയാൾ തിരികെ കല്ലമ്പലത്തേക്ക് താമസം മാറി.
ഇതിനിടെ ഭൂമി വിൽക്കാനുള്ള സുഗതീശെൻറ ശ്രമത്തിനെതിരെ സിനി കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിെൻറ പ്രതികാരമായാണ് സിനിയെ ആക്രമിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി. നേരത്തേ മകനെ വെട്ടിപ്പരിക്കേൽപിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാതി നൽകാത്തതിനെതുടർന്ന് കേസെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.