നടിയെ ആക്രമിച്ച കേസിലെ രഹസ്യരേഖകൾ; ദിലീപിനോട്​ വിശദീകരണം തേടണമെന്ന്​ പ്രോസിക്യൂഷൻ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പ്രതിയായ നടൻ ദിലീപിന്‍റെ ഫോണിൽനിന്ന്​ ലഭിച്ച സംഭവത്തിൽ വിശദീകരണം തേടണമെന്ന്​ അന്വേഷണസംഘം. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ദിലീപി​ന്‍റെ മൊബൈലിൽനിന്ന്​ ലഭിച്ചതിനെത്തുടർന്ന്​ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ്​ ദിലീപി​നോട്​ വിശദീകരണം ചോദിക്കണമെന്നാവശ്യപ്പെട്ട്​ വിചാരണക്കോടതിയെ സമീപിച്ചത്​.

ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസി​ന്‍റെ ഭാഗമായാണ് ദിലീപി​ന്‍റെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഫോറൻസിക് പരിശോധനയിൽ ദിലീപിന്റെ മൊബൈലിൽനിന്ന് കോടതിയുടെ ഏതാനും രേഖകളും കണ്ടെടുത്തു. ഇതാണ് കോടതി രേഖകൾ ചോർന്നതെന്ന വാദത്തിലേക്ക് പൊലീസിനെ നയിച്ചത്. മാർച്ച് 30നാണ് വിചാരണക്കോടതിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ പൊലീസ് ഹരജി നൽകിയത്. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി വിശദീകരണം തേടി. പ്രോസിക്യൂഷ​ന്‍റെ ആവശ്യം വ്യാഴാഴ്ച കേൾക്കാൻ തീരുമാനിച്ച കോടതി, എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ദിലീപി​ന്‍റെ അഭിഭാഷകനും നിർദേശം നൽകി.

അതിനിടെ, കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നതുമായി ബന്ധപ്പെട്ട്​ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട്​ സമർപ്പിച്ചു. എന്നാൽ, ഈ റിപ്പോർട്ടിൽ കോടതി നിർദേശിച്ച വിശദാംശങ്ങൾ അടങ്ങിയിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന്​ രേഖകൾ ചോർന്നിട്ടില്ലെന്ന ആവർത്തിച്ചുള്ള മറുപടിയാണ്​ കോടതിയുടെ വിമർശനത്തിനിടയാക്കിയത്​.

​അന്വേഷണം പൂർത്തിയാക്കാൻ മൂന്ന്​ മാസംകൂടി അനുവദിക്കണമെന്ന പ്രോസിക്യൂഷ​ന്‍റെ ആവശ്യം ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. 

Tags:    
News Summary - Prosecution seeks explanation from Dileep about Secret documents in actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.