ഗാന്ധിനഗർ (കോട്ടയം): കോവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയിരുന്ന പ്രത്യേക അവധി റദ്ദ് ചെയ്ത സർക്കാർ നടപടിയിൽ ആരോഗ്യപ്രവർത്തകർക്ക് പ്രതിഷേധം. രോഗികളുമായി അടുത്തിടപഴകുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഡോക്ടർമാരും നഴ്സുമാരും കഴിഞ്ഞാൽ രോഗികളുമായി സമ്പർക്കം പുലർത്തുന്നതും ആശുപത്രി ജീവനക്കാരാണ്. ഇവർക്ക് എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയാണ്.
നേരത്തേ, സമ്പർക്കപ്പട്ടികയിൽപെട്ടാൽ പ്രത്യേക അവധി അനുവദിക്കുകയും നിരീക്ഷണത്തിൽ കഴിയുകയും ചെയ്യാമായിരുന്നു. എന്നാൽ, പുതിയ ഉത്തരവ്പ്രകാരം പ്രത്യേക അവധി റദ്ദ് ചെയ്തെന്നുമാത്രമല്ല, സമ്പർക്കത്തിൽവരുന്ന ജീവനക്കാർ അക്കാര്യം ഓഫിസിൽ വെളിപ്പെടുത്തുകയും സമൂഹഅകലം അടക്കം എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായി ഓഫിസിൽ എത്തുകയും വേണം. ഏതെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രാഥമിക സമ്പർക്കത്തിൽപെട്ട ജീവനക്കാരോട് ഓഫിസിൽ എത്തണമെന്നുപറയുന്നതുതന്നെ രോഗവ്യാപനത്തിന് കാരണമാകും എന്നിരിക്കെ സർക്കാറിന്റെ പുതിയ ഉത്തരവ് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോഗ്യപ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ഉത്തരവ് റദ്ദാക്കുകയോ ആരോഗ്യരംഗത്തെ ജീവനക്കാരെ ഇതിൽനിന്ന് ഒഴിവാക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.